ദില്ലി: ഫീസ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ പ്രതിഷേധിച്ചുള്ള ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ജെഎന്‍യു വിദ്യാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍.

വിദ്യാര്‍ത്ഥികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മാനവവിഭവശേഷി മന്ത്രാലയം വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ അറിയിച്ചു.

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടന്നത്. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഉപരാഷട്രപതി വെങ്കയ്യ നായിഡു എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ആരംഭിച്ചത്.

മാനവവിഭവശേഷി മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മന്ത്രിയെ തടയുമെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് സമരത്തില്‍ പങ്കെടുത്തത്.

ഹോസ്റ്റലുകളിലെ ഫീസ് വര്‍ധിപ്പിക്കും, റൂമുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണം, പ്രത്യേക ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കും തുടങ്ങിയ പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഹോസ്റ്റലിലെ ഇന്റര്‍ ഹാള്‍ അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധം.

45 ശതമാനത്തോളം കുട്ടികള്‍ നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ്. ഫീസ് വര്‍ധിപ്പിക്കുന്നത് സാധാരണക്കാരായ കുട്ടികള്‍ക്ക് തിരിച്ചടിയാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.