മരട് ഫ്‌ളാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കും; പരിസരപ്രദേശത്തെ ആളുകളെ ഒഴിപ്പിക്കും, കൊച്ചിയില്‍ കര്‍ശനഗതാഗത നിയന്ത്രണം

കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.

ജനുവരി 11ന് ആല്‍ഫയുടെ രണ്ട് കെട്ടിടവും എച്ച്2ഒയും പൊളിക്കും. ജനുവരി 12ന് ജെയിന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകള്‍ പൊളിക്കും. സാങ്കേതിക കാരണങ്ങളാലാണ് പൊളിക്കല്‍ തിയതി നീട്ടിയതെന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിക്കും.

പൊളിക്കലിന്റെ ഭാഗമായി 200 മീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിക്കും. നഗരത്തില്‍ കര്‍ശനഗതാഗത നിയന്ത്രണമുണ്ടാകും. ഇക്കാര്യങ്ങളില്‍ പൊലീസ് കമ്മീഷണര്‍ തീരുമാനമെടുക്കും.

ഭൂമിയിലെ ആഘാതം കുറച്ച് മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങളിലൂടെ കെട്ടിടം തകര്‍ക്കുന്ന രീതിയില്‍ ആണ് സ്‌ഫോടന മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.

ചീഫ് സെക്രട്ടറിക്ക് പുറമെ സാങ്കേതിക വിദഗ്ദ്ധര്‍, സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഐജി വിജയ് സാഖറേ, ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്ത കമ്പനി പ്രതിനിധികള്‍ എന്നിവരും കൊച്ചി കെഎംആര്‍എല്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് 2015ല്‍ വിജിലന്‍സ് എടുത്ത കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫിന്റെ അറസ്റ്റ് ആണ് വിജിലന്‍സ് സംഘം രേഖപ്പെടുത്തിയത്.

ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് കേസില്‍ മൂവാറ്റുപുഴ സബ് ജയിലിലാണ് അഷ്‌റഫ്. 2015ല്‍ വിജിലന്‍സ് എടുത്ത കേസ് തങ്ങള്‍ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കത്ത് നല്‍കിയതിന് പിന്നാലെ ആണ് വിജിലന്‍സ് നടപടികള്‍ ശക്തമാക്കുന്നത്.

ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് കേസും നടപടികള്‍ ശക്തമാക്കുന്നു. മരട് ഫ്‌ളാറ്റ് തട്ടിപ്പ് കേസിലേ അഞ്ചാം പ്രതി കെസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഫ്‌ളാറ്റിന്റെ രൂപരേഖ വരച്ചപ്പോള്‍ സമീപത്തെ ജലാശയത്തിന്റെ സാന്നിധ്യം ഇയാള്‍ മനപൂര്‍വം മറച്ചു വച്ചു എന്നും നിര്‍മാണം സാധ്യമല്ലാത്ത ചതുപ്പു നിലം ആണെന്ന് വ്യക്തമായി അറിയാവുന്നതിനാല്‍ ആണ് ഇക്കാര്യം മറച്ചു വച്ചതെന്നും ക്രൈം ബ്രാഞ്ചിന്റെ ഹര്‍ജിയില്‍ പറയുന്നു. ഈ മാസം 18ന് മുന്‍പ് മറുപടി നല്‍കാന്‍ കെസി ജോര്‍ജിന് കോടതി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News