ക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതോടെ ശ്രീരാമനെ ഉപയോഗിച്ചുള്ള വര്‍ഗീയ നീക്കം സംഘപരിവാര്‍ അവസാനിപ്പിക്കണമെന്ന് അയോധ്യ നിവാസികള്‍.

രാമനെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളിക്ക് അയോധ്യയിലുള്ളവര്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ഹനുമാന്‍ഗഡി ക്ഷേത്രത്തിലെ മുഖ്യപൂജാരി മഹന്ത് ഗ്യാന്‍ദാസ്, അയോധ്യ മുസ്ലിം വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ സാദിഖ് അലി തുടങ്ങിയവര്‍ പറഞ്ഞു.

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് അയോധ്യയിലെ ഏറ്റവും പ്രധാന ക്ഷേത്രമായ ഹനുമാന്‍ഗഡിയുടെ മുഖ്യപൂജാരി മഹന്ത് ഗ്യാന്‍ദാസ് പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തിനാണ് പരിഹാരമായത്.

അയോധ്യയുടെ പേരില്‍ പലരും രാഷ്ട്രീയമുതലെടുപ്പ് നടത്തി. പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് പുറത്തുനിന്ന് എത്തിയവരാണ്. അയോധ്യയില്‍ ആരും മതസ്പര്‍ധ ആഗ്രഹിക്കുന്നില്ല. ക്ഷേത്രനിര്‍മാണത്തിന് കോടതി അവസരമൊരുക്കി.

മറ്റൊരു സ്ഥലത്ത് പള്ളി നിര്‍മിക്കുന്നതിനും ഉത്തരവായി. എത്രയും വേഗം ഇതിനാവശ്യമായ നടപടിവേണമെന്നും- ഗ്യാന്‍ദാസ് പറഞ്ഞു.