ജെഎന്‍യുവില്‍ വീണ്ടും സംഘര്‍ഷം; വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പൊലീസിന്റെ അതിക്രമം; വിസിയെ കാണാതെ ക്യാമ്പസ് വിടില്ലെന്ന നിലപാടില്‍ വിദ്യാര്‍ത്ഥി സംഘം

ദില്ലി: ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം.

കേന്ദ്രസേനയെ ക്യാമ്പസില്‍ വിന്യസിച്ചതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വിസിയെ കാണാതെ ക്യാമ്പസ് വിടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥി സംഘം. സമരവുമായി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് തടഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദ ദാന ചടങ്ങ് നടന്ന സ്ഥലത്തിന് സമീപമാണ് പ്രതിഷേധം ഉണ്ടായത്.

വിദ്യാര്‍ഥികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും പിന്നെയും കൂട്ടമായി വന്ന് ധര്‍ണ നടത്തുകയായിരുന്നു. ഇതിനിടയില്‍ പോലീസ് മുന്നറിയിപ്പില്ലാതെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

ഫീസ് വര്‍ദ്ധന, കര്‍ഫ്യൂ സമയം, ഡ്രസ് കോഡ് എന്നീ നിബന്ധനകള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്.

ജെഎന്‍യുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാനെത്തിയ സമയത്താണ് സമരം തുടങ്ങിയത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വര്‍ധനക്കെതിരെ ക്യാമ്പസില്‍ സമരം നടക്കുന്നുണ്ട്. ഇവിടെ പഠിക്കുന്നവരില്‍ അധികം പേരും പാവപ്പെട്ടവരാണ്. ഇങ്ങനെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചാല്‍ എങ്ങനെ പഠിക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

”ഞങ്ങള്‍ കഴിഞ്ഞ 15 ദിവസങ്ങളായി ഇവിടെ പ്രതിഷേധിക്കുകയാണ്. ഞങ്ങളുമായി വൈസ് ചാന്‍സലര്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല. യൂണിവേഴ്സിറ്റിയില്‍ ഫീസ് വര്‍ദ്ധിപ്പിച്ചു. നാല്‍പത് ശതമാനത്തോളം വിദ്യാര്‍ഥികളും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് വരുന്നത്.’ പ്രതിഷേധിച്ച വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു.

”ഹോസ്റ്റല്‍ ഫീ 6000 മുതല്‍ 7000 വരെ വര്‍ദ്ധിപ്പിച്ചാല്‍ എങ്ങനെയാണ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠിക്കാനാകുന്നതെന്ന്.” മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here