കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് ദുബായില്‍ നല്‍കിയ സ്വീകരണത്തിനെതിരെ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടന രംഗത്ത്. ദുബായില്‍ കെ സുധാകരന്‍ രഹസ്യമായി ഗ്രൂപ്പ് യോഗം നടത്തിയെന്നും കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് ആരോപിക്കുന്നു.

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ ദുബായില്‍ ഗ്രൂപ്പ് യോഗം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് ആരോപിക്കുന്നത്. ദുബായില്‍ കെ സുധാകരന് നല്‍കിയ സ്വീകരണത്തിന്റെ മറവിലാണ് യോഗം നടന്നത്. ഇതിനെതിരെ പ്രതിഷേധവുമായി പ്രവാസി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു.

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് തന്നെ ഇത്തരത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ഇന്‍കാസ് ദുബായ് കമ്മിറ്റി ട്രഷറര്‍ സി പി ജലീല്‍ പറഞ്ഞു.

കെ സുധാകരന്‍ ബ്രിഗേഡ് എന്ന പേരില്‍ കെ സുധാകരന്റെ അനുയായികള്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാനെന്നും പ്രവാസി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കെ സുധാകരനെതിരെ കെപിസിസിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇന്‍കാസ് ദുബായ് കമ്മിറ്റി ട്രഷറര്‍ സി പി ജലീല്‍ പറഞ്ഞു.