പി.എസ്.സി പരീക്ഷയ്ക്ക് ഇനി ശരീര പരിശോധന ഉള്‍പ്പെടെ നിര്‍ബന്ധമാക്കിയേക്കും. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണും വാച്ചും കര്‍ശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമം ലംഘിച്ച് നിരോധിത വസ്തുക്കള്‍ കൈവശം വയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിവില്‍ പോലീസര്‍ ഓഫീസര്‍ പട്ടിയയില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്നത്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, സ്റ്റേഷനറി വസ്തുക്കള്‍, വാച്ച്, പഴ്‌സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ കര്‍ശനമായി നിരോധിക്കുമെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

പരീക്ഷയ്ക്ക് എത്തുന്നവരുടെ ശരീര പരിശോധന കര്‍ശനമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പി.എസ്.സി പരീക്ഷ കുറ്റമറ്റതാക്കാന്‍ നടപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി എട്ട് ശിപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ഇന്നലെ പി.എസ്.സി സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു.