ജെഎന്‍യു: കരുത്ത് ചോരാതെ വിദ്യാര്‍ഥി പ്രതിഷേധം; കയ്യൂക്ക് കാട്ടി കേന്ദ്രസേന

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ അഭിമാനസ്തംഭമായ വിദ്യാഭ്യാസ കേന്ദ്രം വീണ്ടും സംഘര്‍ഭരിതമാവുകയാണ്. ന്യായമായ ആവശ്യങ്ങളുമായി സമരരംഗത്തിറങ്ങിയ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് കേന്ദ്രസേന.

ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്, ഹോസ്റ്റലില്‍ കയറുന്ന സമയം, മെസില്‍ ഭക്ഷണം കഴിക്കാന്‍ എത്തുമ്പോളത്തെ വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളോട് ആലോചിക്കാതെ തീരുമാനങ്ങള്‍ എടുത്തതിനാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വര്‍ധനക്കെതിരെ ക്യാമ്പസില്‍ സമരം നടക്കുന്നുണ്ട്.

ഇവിടെ പഠിക്കുന്നവരില്‍ അധികം പേരും പാവപ്പെട്ടവരാണ്. ഇങ്ങനെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചാല്‍ എങ്ങനെ പഠിക്കാന്‍ കഴിയുമെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്.

എന്നാല്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസി ഒരുമാസമായിട്ടും തയ്യാറാവാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയത്.

സമരത്തെ തുടര്‍ന്ന് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും വിസി ധാര്‍ഷ്ട്യത്തോടെയുള്ള നിലപാട് തുടര്‍ന്ന് വിദ്യാര്‍ഥികളെ ഒന്ന് കാണാന്‍പോലും വിസി തയ്യാറായില്ല.

വിസി വിദ്യാര്‍ഥികളെ കാണാന്‍ തയ്യാറാവാതെ പിരിഞ്ഞ് പോവില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ക്രൂരമായ ആക്രമണമാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ കേന്ദ്രസേന ഉള്‍പ്പെടെ സ്വീകരിച്ചത്.

സമരം രമ്യമായി പരിഹരിക്കാന്‍ തയ്യാറാവാതെ കേന്ദ്രസേനയെ ഉള്‍പ്പെടെ ഇറക്കി വിദ്യാര്‍ഥി സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചത്.

ജെഎന്‍യുവില്‍ ഉയര്‍ന്ന് വരുന്ന എല്ലാ സമരങ്ങലെയും അടിച്ചമര്‍ത്തുക എന്ന നിലപാടാണ് നേരത്തെയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

ജനവിരുദ്ധവും വിദ്യാര്‍ഥിവിരുദ്ധവുമായ എല്ലാതീരുമാനങ്ങള്‍ക്കെതിരെയും ക്രിയാത്മകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന കേന്ദ്രമെന്ന നിലയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ജെഎന്‍യുവിനെതിരെ പ്രതികാര നടപടികള്‍ സ്വാകരിച്ചുവന്നിരുന്നു.

അക്കാദമിക കാര്യങ്ങളിലും പാഠ്യപദ്ധതിയിലുമുള്‍പ്പെടെ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാണ് ജെഎന്‍യു ചെറുത്ത് തോല്‍പ്പിച്ചത്.

സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുംതോറും ജെഎന്‍യു കൂടുതല്‍ ഉച്ചത്തില്‍ പ്രതിഷേധിക്കുന്ന കാഴ്ചയാണ് രാജ്യ തലസ്ഥാനത്ത് നിന്നും കാണുന്നത്.

തീരുമാനങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ എമര്‍ജെന്‍സി മാത്രം അനുവദിച്ചുകൊണ്ട് ക്യാമ്പസിന്‍റെ പൂര്‍ണ നിയന്ത്രണം ഉള്‍പ്പെടെ ഏറ്റെടുത്തുകൊണ്ടുള്ള സമര രീതിക്കാണ് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ രൂപം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here