നമ്മുടെ കേരളം രാജ്യാതിര്‍ത്തികള്‍ കടന്ന് അന്താരാഷ്ട്രാതലത്തിലും നേട്ടങ്ങള്‍ കൈവരിക്കുന്നത് സന്തോഷകരമാണ്. കേരള സ്റ്റാർട്ട്അപ്പ് മിഷന്‍ കേരളത്തിന്റെ പേര് അന്താരാഷ്ട്ര തലത്തിൽ തന്നെ മുന്നിൽ എത്തിച്ചിരിക്കുന്നു.

യുബിഐ ഗ്ലോബൽ നടത്തിയ വേൾഡ് ബെഞ്ച്മാർക്ക് പഠനത്തിൽ പബ്ലിക് ബിസിനസ് ആക്സിലറേറ്ററിനുള്ള ഒന്നാം സ്ഥാനമാണ് കേരള സ്റ്റാർട്ടപ്പ് മിഷനു ലഭിച്ചത്.

82 രാജ്യങ്ങളിൽ നിന്നുള്ള 364 ഇൻകുബേറ്ററുകളുടേയും ആക്സിലറേറ്ററുകളുടേയും പ്രകടനം വിലയിരുത്തിയാണ് വിവിധ മേഖലകളില്‍ റാങ്കിംഗ് നിശ്ചയിച്ചത്.

സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള ഗവേഷണ സംഘടനയായ യു‌ബി‌ഐ ഗ്ലോബലിന്റെ വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡീസ്, സ്റ്റാർട്ട്അപ്പ് മേഖലയിലെ മികവും ചലനങ്ങളും സ്വാധീനവും വിലയിരുത്തിയ ശേഷമാണ് സ്റ്റാര്‍ട്ട് അപ്പ്മിഷനെ തെരഞ്ഞെടുത്തത്.

സ്റ്റാർട്ടപ്പുകളുടെ വരുമാനം, സ്വയംസൃഷ്ടിച്ച വരുമാനം, പ്രോഗ്രാമിലേക്ക് സ്വീകരിക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ, സൃഷ്ടിക്കുന്നതും നിലനിർത്തുന്നതുമായ തൊഴില്‍ അവസരങ്ങള്‍ എന്നിവ ഉൾപ്പെടെ, സ്റ്റാർട്ടപ്പുകളുടെ മൂല്യവർദ്ധനവ്, സ്റ്റാർട്ടപ്പുകളുടെ വികസനം, ഫണ്ടുകളിലേക്കുള്ള പ്രവേശനം,

നെറ്റ്‌വർക്കിലേക്കുള്ള പ്രവേശനം എന്നിവയും റാങ്കിങ്ങിൽ പരിഗണിച്ചിട്ടുണ്ട്. പരിശോധിച്ച എല്ലാ യോഗ്യതാ മാനദണ്ഡങ്ങളിലും കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച പ്രകടനം കാഴ്ചവച്ചു.

സംസ്ഥാനത്തെ സ്റ്റാര്‍ട് അപ്പ് മേഖലയ്ക്ക് ഉയര്‍ന്ന പരിഗണന നല്‍കി പ്രോത്സാഹിപ്പിക്കുക എന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

അതിന്റെ ഭാഗമായി കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളിലേക്ക് നിക്ഷേപവുമായി വന്‍കിട കമ്പനികള്‍ രംഗത്തു വരികയും ചെയ്യുന്നു. പല സ്റ്റാര്‍ട്അപ്പ് സംരംഭങ്ങളും ഇതിനോടകം അന്താരാഷ്ട്രാ പ്രശസ്തി നേടുകയും ചെയ്തിട്ടുണ്ട്.