മലയാള സിനിമയില്‍ പ്രണയ നായകനായി തിളങ്ങിയ നടന്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും തന്‍റെ മനസ്സ് തുറക്കുകയാണ്.

എൺപതുകളിൽ പ്രണയ നായകനായി വളര്‍ന്ന ജോസിന് ആരാധികമാരായിന്നു ഏറെയും. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആക്ടിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ജോസ് . രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘ദ്വീപ് ‘എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന സമയത്ത് രജനീകാന്ത് തന്റെ സീനിയര്‍ സ്റ്റുഡന്‍റായിരുന്നുവെന്നും ചിരഞ്ജീവി തന്റെ ജൂനിയർ ആയിരുന്നുവെന്നും ജോസ് പറഞ്ഞു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ജോസ് ജെ ബി ജങ്ഷനിലൂടെ തന്റെ മനസ് തുറന്നു സംസാരിച്ചത്..

‘ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അവിടുത്തെ ബാത്ത് റൂമില്‍ വലിയ ഒരു മിററുണ്ട്. രജനീകാന്ത് കണ്ണാടി നോക്കി സിഗരറ്റ് എറിഞ്ഞു വാ കൊണ്ട് പിടിക്കുന്നത് അന്നേ ഞാന്‍ കണ്ടിട്ടുണ്ട്. പുള്ളി അന്ന് തുടങ്ങിയതാണ് ആ പ്രാക്ടീസ്.

അന്നേ അദ്ദേഹത്തിന്റെ മൈൻഡ് സെറ്റ് വേറെയായിരുന്നു എന്ന് ജോസ് ഓർമ്മിക്കുന്നു . രജനികാന്തും ചിരഞ്ജീവിയുമൊക്കെ വലിയ ഒരു റേഞ്ചിലേക്ക് പോയെങ്കിലും അവരുമായുള്ള സൗഹൃദം തുടരമായിരുന്നില്ലേ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് ജോസ് പറഞ്ഞത് എനിക്കതില്‍ ഒരു മടിയുണ്ടായിരുന്നു.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ശേഷം മൂന്ന് നാല് വര്‍ഷം കഴിഞ്ഞ് പരസ്പരം കണ്ടിരുന്നു. അന്ന് എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്.

പിന്നീടും ചില ചടങ്ങുകള്‍ക്കൊക്കെ വച്ച്‌ കണ്ടിട്ടുണ്ട്. ഞാന്‍ ഇപ്പോഴും അദ്ദേഹത്തെ രജനീകാന്ത് എന്ന് പറയാറില്ല. ശിവാജി റാവു എന്നേ വിളിക്കാറുള്ളൂ’. പക്ഷെ മറ്റു തരത്തിൽ ബന്ധങ്ങൾ ഉപയോഗിക്കാൻ തോന്നിയില്ല എന്നാണ്.

വളരെക്കാലം മലയാള സിനിമയുടെ പ്രണയനായകനായി തിളങ്ങിയ ജോസ് ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളിൽപെട്ടു സിനിമ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ജോസ്..