മദ്യലഹരിയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത; തിരുവനന്തപുരത്തെ ഈ തിന്മയുടെ മുഖങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പാല്‍കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി മനുഷ്യന്റെ ക്രൂരത. മദ്യലഹരിയില്‍ എത്തിയ സംഘമാണ് പൂച്ചയോട് ഇത്തരമൊരു ക്രൂരത കാണിച്ചത്. ഇവര്‍ മദ്യപിച്ചതിന് ശേഷം പൂച്ചയെ കെട്ടിത്തൂക്കിക്കൊല്ലുകയായിരുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ കാമ്പയിന്‍ കോര്‍ഡിനേറ്റര്‍ പാര്‍വതി മോഹന്‍ പറയുന്നു:

എല്ലാവരും തെരുവ് നായ്ക്കളും പൂച്ചകളും നിങ്ങളുടെ പ്രദേശത്ത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന്റെയും അവര് കാരണം നിങ്ങള്‍ക്ക് ഉണ്ടായ മോശം കാര്യങ്ങളിലേക്ക് മാത്രം വിരല്‍ ചൂണ്ടുകയും ചെയ്യുന്നതിന്റെ തിരക്കിലായിരിക്കുമ്പോള്‍ നമുക്കിടയിലെ മറ്റു ചില തിന്മയുടെ മുഖങ്ങള്‍ ഉണ്ട്.. അവര്‍ അവരുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യും.

ഇന്നലെ 9.54നു ഒരു പൂച്ചയെ ആരോ കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്നതായി ഒരു ഫോണ്‍ കോള്‍ വന്നു. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ സംഭവിച്ചതാകുമെന്നാണ് ഞാന്‍ കരുതിയത്. 10 മിനിറ്റിനുള്ളില്‍ ഞാന്‍ സംഭവ സ്ഥലത്ത് എത്തുകയും ഇത് കാണുകയും ചെയ്തു.

ഒരു ഗര്‍ഭിണിയായ പൂച്ചയെ പ്ലാസ്റ്റിക് കയറില്‍ കെട്ടിതൂക്കിയിരിക്കുന്നു. ഇന്‍ഫോര്‍മറുടെ വീടിന് അടുത്തുള്ള ഒരു ഇരുമ്പ് സ്തംഭത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കിയിരുന്നത്. കെട്ടിടത്തിന്റെ ഉടമയുമായി സംസാരിച്ചപ്പോള്‍ ആ കെട്ടിടം അടുത്തുള്ള ആളുകള്‍ ഒരു ക്ലബ്ബായി ഉപയോഗിച്ച് വരികയാണെന്ന് അറിയാന്‍ കഴിഞ്ഞു. ഈ സംഭവത്തെകുറിച്ച് ചോദിച്ചപ്പോള്‍ ഉടമയുടെയും അയാളുടെ ഭാര്യയുടെയും മറുപടി വ്യത്യസ്തമായിരുന്നു.

പോലീസ് അന്വേഷിക്കാനായി വന്നെങ്കിലും (പെട്രോളിംഗ് യൂണിറ്റ് ഓഫ് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം) ഇന്‍ഫൊര്‍മറെ അവരുടെ ഭാഗത്താക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ചെയ്തത്.

പെട്ടന്ന് തന്നെ ചില ക്ലബ് അംഗങ്ങള്‍ വരികയും പരാതി കൊടുക്കാതെയിരിക്കാന്‍ എന്നെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു….. ഞാന്‍ ലത ഇന്ദിരയെ വിളിച്ചു. ഞങ്ങളിരുവരും ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പോകുകയും പരാതി കൊടുക്കുകയും ചെയ്തു. പോലീസുകാര്‍ താല്‍പര്യക്കുറവ് കാണിച്ചുവെങ്കിലും ഒടുവില്‍ ഞങ്ങള്‍ക്ക് പരാതി ഫയല്‍ ചെയ്യുവാന്‍ കഴിഞ്ഞു.

2 പോലീസുകാര്‍ സംഭവസ്ഥലത് വന്നു പരാതിയുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തു. പ്രവീണ്‍ കുമാറിന്റെ സഹായത്തോടെ വലിയറത്തലയിലുള്ള ജഎഅ ഷെല്‍റ്ററിലേക്ക് പൂച്ചയുടെ ബോഡി മാറ്റി. രാജീവ് വി.എസും ഒരു പോലീസ് ഓഫീസറും ചേര്‍ന്ന് പോസ്റ്റ്മാര്‍ട്ടത്തിനായ് ഇന്ന് ബോഡി പാലോട് കൊണ്ടുപോകും.

മൃഗസ്‌നേഹികളുടെ ഭാഗത്ത് നിന്ന് വന്‍ പ്രതിഷേധമാണ് സംഭവത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പലരും പാര്‍വതി മോഹന്റെ കുറിപ്പ് ഷെയര്‍ ചെയ്ത് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ഇത് ചെയ്തവര്‍ ആരായാലും അവരെ കണ്ടുപിടിക്കാന്‍ വേണ്ടി നിയമപരമായി മുന്നോട്ട് പോകാനാണ് പാര്‍വതി മോഹന്റെ തീരുമാനം.

ആ ക്ലബ്ബിനകത്ത് വന്നവര്‍ തന്നെയാണ് ഈ ക്രൂരത ചെയ്തിരിക്കുന്നത്. ആ ക്ലബ്ബിനകത്ത് കയറണമെങ്കില്‍ താക്കോല്‍ വേണം. താക്കോലുള്ളത് അവരുടെ മെമ്പര്‍മാരുടെ കൈകളില്‍ തന്നെയാണ്. ക്ലബ്ബിനകത്തുള്ള കമ്പി വഴിയാണ് അവര്‍ ഈ പൂച്ചയെ ഇങ്ങനെ കൊന്ന് കെട്ടിത്തൂക്കിയിട്ടിരിക്കുന്നതെന്നും പാര്‍വതി പറയുന്നു.

പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് കേസെടുത്തിട്ടുണ്ടെന്ന് പൊലീസും പറഞ്ഞു. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തതിനും സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News