യുഎഇ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകാൻ ഇത്തിഹാദും വിപിഎസ് ഹെൽത്ത് കെയറും

യു.എ.ഇ യിലെ മെഡിക്കൽ ടൂറിസത്തിന് പുത്തൻ ഉണർവേകി ദേശീയ എയർലൈൻസായ ഇത്തിഹാദും മേഖലയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെൽത്ത് കെയറും തമ്മിൽ കരാർ. രാജ്യത്തേക്ക് പരമാവധി മെഡിക്കൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും ധാരണാ പത്രത്തിൽ ഒപ്പുവച്ചത്. ആദ്യഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള മെഡിക്കൽ ടൂറിസ്റ്റുകളെയാണ് ഇത്തിഹാദ് വിമാന സർവീസ് വഴി അബുദാബിയിലേക്ക് എത്തിക്കുക.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാ ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ഇത്തിഹാദ്, വിപിഎസ് ഹെൽത്ത് കെയറിന് നൽകും. വിപിഎസ് ഹെൽത്ത് കെയറിന് കീഴിലുള്ള പ്രമുഖ ആരോഗ്യ പരിചരണ കേന്ദ്രമായ ബുർജീൽ ആശുപത്രിയടക്കം എട്ടിടങ്ങളിലാണ് സന്ദർശകർക്ക് ചികിത്സ ലഭ്യമാക്കാനാവുക.

വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിലും ഇത്തിഹാദ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഡഗ്ലസുമാണ് കരാറിൽ ഒപ്പുവച്ചത്. പ്രത്യേക മെഡിക്കൽ പരിചരണം വേണ്ടവരുടെ വിമാനയാത്ര സുഗമമാക്കാൻ ഇത്തിഹാദ് രണ്ടു പ്രത്യേക സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിമാന യാത്രയ്ക്ക് മുൻപ് മെഡിക്കൽ ക്ലിയറൻസ് ആവശ്യമായവരെ ഇത്തിഹാദ് മെഡിക്കൽ സംഘത്തിലെ ഡോക്ടർ സന്ദർശിക്കും. നിലവിൽ പരിശോധിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നടത്തി മെഡിക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. വിമാനയാത്രയ്ക്ക് ഫിറ്റ് ആണോ എന്ന സർട്ടിക്കറ്റ് ഒരു ദിവസത്തിനകം നൽകും. ഒപ്പം വൈദ്യസഹായം ലഭ്യമാക്കാനായി വിമാനത്തിൽ തന്നെ നേഴ്‌സിനെ അനുവദിക്കുകയും ചെയ്യും.

ആഗോള നിലവാരമുള്ള മെഡിക്കൽ കേന്ദ്രമെന്ന അബുദാബിയുടെ ഖ്യാതി ഉറപ്പിക്കാനാണ് അബുദാബിയിലെ ഏറ്റവും അംഗീകാരമുള്ള രണ്ടു ബ്രാൻഡുകൾ ഒരുമിക്കുന്നതെന്ന് ഇത്തിഹാദ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോണി ഡഗ്ലസ് പറഞ്ഞു.

ആഗോള മെഡിക്കൽ ടൂറിസം കേന്ദ്രമാകാനുള്ള വലിയ സാധ്യത അബുദാബിക്കുണ്ടെന്ന് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. ആഗോള നിലവാരമുള്ള ആരോഗ്യ പരിചരണം ദേശീയ അജണ്ടയുടെ നെടും തൂണാണെന്നും അബുദാബി സർക്കാർ അതിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here