മഹാരാഷ്ട്ര; ആദിത്യയെ പിന്തുണയ്ക്കില്ലെന്ന് ശരദ് പവാർ; പ്രസിഡന്റ് ഭരണത്തിന് സാധ്യത

ശിവസേനയുടെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിച്ചു കൊണ്ടാണ് നിലപാട് കടുപ്പിച്ചു ശരദ് പവാർ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി യുവ നേതാവായ ആദിത്യ താക്കറെയെ പരിഗണിക്കാനാവില്ലെന്നും പകരം ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എൻ സി പി നേതാവ് ശരദ് പവാറിന്റെ പുതിയ നിർദ്ദേശം.

ശിവസേനയെ ഉപാധികളോടെ പിന്തുണക്കാൻ തീരുമാനിച്ച എൻ സി പി യുടെ ആദ്യത്തെ ആവശ്യം കേന്ദ്ര മന്ത്രി സഭയെ പിന്തുണക്കാൻ പാടില്ലെന്നതായിരുന്നു. ഇത് പ്രകാരമാണ് ശിവസേന എം പിയും മന്ത്രിയുമായിരുന്ന അരവിന്ദ് സാവന്ത് നരേന്ദ്ര മോദി സർക്കാരിൽ നിന്നും രാജി വച്ചത്. എന്നാൽ ഇന്ന് മുംബൈയിൽ നടന്ന എൻ സി പി യോഗത്തിലാണ് ആദിത്യ താക്കറെയെ പിന്തുണക്കാനാകില്ലെന്ന തീരുമാനം ഉയർന്നു വന്നത് .

ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍.സി.പി യോഗത്തില്‍ ധാരണയായെങ്കിലും ചർച്ചക്കൊടുവിൽ ഉണ്ടായ തീരുമാനമാണ് ശിവസേനയെ വെട്ടിലാക്കിയിരിക്കുന്നത്. ആദിത്യയെ പിന്തുണക്കാനാവില്ലെന്ന പാർട്ടിയുടെ തീരുമാനം ശിവസേന അധ്യക്ഷൻ ഉദ്ധവിനെ ശരദ് പവാര്‍ തന്നെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമായതിന് ശേഷം മാത്രമാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം നടത്തൂവെന്നും എന്‍.സി.പി വൃത്തങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി ശിവസേനയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു. ഉദ്ധവ് താക്കറെയുടെ പേരാണു പ്രഥമ പരിഗണനയിലുള്ളതെങ്കിലും ആദിത്യ താക്കറെയും ആ പദവിയിലേക്കു പരിഗണിക്കപ്പെടുന്നുണ്ടെന്ന് ശിവസേനാ നേതാക്കള്‍ തന്നെ പലതവണയായി പറഞ്ഞിരുന്നു. മുതിർന്ന ശിവസേന നേതാവായ ഏക്നാഥ് ഷിൻഡെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അണികൾ നിർദേശിച്ചതായും റിപോർട്ടുകൾ ഉണ്ട്.

എന്നാൽ മുംബൈയിലെ ശിവാജി പാർക്ക് കൂടാതെ ബാന്ദ്രയിലെ താക്കറെയുടെ വസതി തുടങ്ങിയ പരിസരങ്ങളിലും ആദിത്യയെ തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ബാനറുകൾ കുറച്ചു ദിവസങ്ങളായി പ്രത്യക്ഷപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News