സ്വകാര്യവത്ക്കരണ നീക്കം നടക്കുന്നതിനിടെ വീണ്ടും മികവ് തെളിയിച്ച് കഞ്ചിക്കോട് ബെമൽ. ബെമലിൽ നിർമ്മിച്ച അത്യാധുനിക സൈനിക വിവിധ ഉദ്ദേശവാഹനം സർവ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യൻ സൈന്യത്തിന് കൈമാറി. അടിയന്തിര സാഹചര്യത്തിൽ യുദ്ധമുഖത്തടക്കം താത്ക്കാലിക പാലങ്ങൾ നിർമിക്കാൻ കഴിയുന്ന സംവിധാനമാണ് സർവ്വത്ര ബ്രിഡ്ജ്.

സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും തൊഴിലാളി പ്രതിഷേധവും തുടരുന്നതിനിടെയാണ് പ്രതിരോധ മേഖലയ്ക്ക് അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിച്ച് നൽകി കഴിവ് തെളിയിച്ച പൊതുമേഖലാ സ്ഥാപനമായ ബെമൽ വീണ്ടും രാജ്യശ്രദ്ധയാകർഷിക്കുന്നത്. തദ്ധേശീയമായ സാങ്കേതിക വിദ്യയുപയോഗിച്ച് കഞ്ചിക്കോട് ബെമലിൽ നിർമിച്ച സർവ്വത്ര ബ്രിഡ്ജാണ് പുതിയതായി ഇന്ത്യൻ സേനയുടെ ഭാഗമായത്.

മലകൾക്കിടയിലും, പുഴകൾക്ക് കുറുകെയുമെല്ലാം രണ്ടര മണിക്കൂർ കൊണ്ട് താൽക്കാലിക പാലം നിർമ്മിക്കാൻ കഴിയുന്ന സംവിധാനമാണ് സർവ്വത്ര ബ്രിഡ്ജ്. 75 മീറ്റർ നീളമുള്ള പാലം അഞ്ച് വാഹനങ്ങളുൾപ്പെടുന്ന ഒരു യൂണിറ്റു പയോഗിച്ച് നിർമിക്കാൻ കഴിയും. 70 ടൺ ഭാരം വഹിക്കാൻ കഴിയുന്ന പാലത്തിലൂടെ ടാങ്കറുകൾക്കടക്കം സുഗമായി കടന്നു പോകാൻ കഴിയും. യുദ്ധമുഖത്തടക്കം സർവ്വത്ര ബ്രിഡ്ജ് ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായി മാറും.

ഡി ആർ ഡി എ യും ബെമലും ചേർന്ന് രണ്ട് വർഷം കൊണ്ടാണ് സർവ്വത്ര ബ്രിഡ്ജിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് നിർമിച്ചത്. 5 വാഹനങ്ങൾ വീതമുള്ള 3 യൂണിറ്റുകളാണ് ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്. ഒരു യൂണിറ്റ് 25 കോടി രൂപയാണ് നിർമാണ ചിലവ്. രണ്ട് വർഷത്തിനകം 22 യൂണിറ്റ് സർവ്വത്ര ബ്രിഡ്ജ് സൈന്യത്തിന് കൈമാറാനാണ് ലക്ഷ്യമിടുന്നത്.