വയനാട്ടില്‍ പ്രളയബാധിതര്‍ക്കായി സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) 100 വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ബെവ്കോ ഇതിനായി നാലു കോടി രൂപ നല്‍കുമെന്നും സി കെ ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനപദ്ധതി ആരംഭിക്കും. ഇതിനുള്ള ഭൂമിക്കായി ശ്രമം തുടരുന്നു. തോട്ടം ഉടമകളുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. ഭൂമി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കും. തോട്ടം മേഖലയില്‍ തൊഴില്‍ വകുപ്പ് നടത്തിയ സര്‍വേയില്‍ നാലു വിഭാഗത്തിലായി 32,591 കുടുംബങ്ങള്‍ക്ക് വീടില്ലെന്ന് കണ്ടെത്തി. ഈ പട്ടിക ലൈഫ് മിഷന് കൈമാറി. ഇതില്‍ ഭൂമിയുള്ളവര്‍ക്ക് നാലുലക്ഷം രൂപ ചെലവില്‍ 400 ചതുരശ്ര അടി വീടും അല്ലാത്തവര്‍ക്ക് 400 ചതുരശ്ര അടിയുടെ അപ്പാര്‍ട്ട്മെന്റും നല്‍കും.

ദേവികുളം താലൂക്കില്‍ കുറ്റിയാര്‍വാലിയില്‍ ലൈഫ് മിഷന്‍ പട്ടികയില്‍പ്പെട്ട തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതി തുടങ്ങിയിട്ടുണ്ട്. മൂന്നാറില്‍ ഇതിനായി 5.49 ഏക്കര്‍ ഭൂമി കണ്ടെത്തി. തോട്ടം തൊഴിലാളികളുടെ വേതനപരിഷ്‌കരണത്തിനുള്ള പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ യോഗം പത്തുതവണ ചേര്‍ന്നു.

തീരുമാനമാകാത്ത സാഹചര്യത്തില്‍ ദിവസം 50 രൂപയുടെ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. 14ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.