ശിവസേനയ്ക്ക് സമയം നീട്ടിനല്‍കിയില്ല; എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍

മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ശിവസേനയ്ക്ക് സമയം നീട്ടിനല്‍കാതെ ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരി മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.

അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി നേതാക്കള്‍ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാത്രി എട്ടരക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സഖ്യകക്ഷികളുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

ശിവസേനയ്ക്ക് അനുവദിച്ച സമയപരിധി തീരുന്നതിന് തൊട്ടുമുമ്പ് തിങ്കളാഴ്ച വൈകിട്ട് ആദിത്യ താക്കറേയും സംഘവും രാജ്ഭവനിലെത്തി സര്‍ക്കാരുണ്ടാക്കാന്‍ സന്നദ്ധത അറിയിച്ചു. പിന്തുണകത്ത് ഹാജരാക്കാന്‍ മൂന്ന് ദിവസം സാവകാശം തേടി. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ കത്തിനായി 6.30 വരെ കാത്തശേഷമാണ് ശിവസേന നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.

കോണ്‍ഗ്രസിന്റെ ഉറപ്പ് ലഭിക്കാത്തതിനാല്‍ ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നില്ല. സമയം നീട്ടിചോദിക്കുകമാത്രമാണ് ചെയ്തത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരും രാജ്ഭവനിലെത്തി ശിവസേനയ്ക്ക് പിന്തുണ അറിയിച്ചു.

സഖ്യസര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി വച്ച ഉപാധിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് മന്ത്രിസ്ഥാനം രാജിവച്ചു. എന്നാലും എന്‍സിപിയില്‍ നിന്ന് അനുകൂല തീരുമാനം ലഭിച്ചില്ല. കോണ്‍ഗ്രസ് രാത്രി 7.25നു ഇറക്കിയ വാര്‍ത്താക്കുറിപ്പ് നിലപാട് വ്യക്തമാക്കിയില്ല.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിഷയം ചര്‍ച്ചചെയ്തെന്നും സംസ്ഥാനത്തുനിന്നുള്ള നേതാക്കളുമായി കൂടിയാലോചന നടത്തിയെന്നും കുറിപ്പില്‍ പറഞ്ഞു. എന്‍സിപിയുമായി ചര്‍ച്ച തുടരുമെന്നും അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഉദ്ധവ് താക്കറെ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, അജിത് പവാര്‍ എന്നിവരുമായി മുംബൈയിലെ ഹോട്ടലില്‍ 45 മിനിറ്റ് ചര്‍ച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News