നഗരങ്ങളിലെ മികച്ച ഗതാഗതത്തിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘കമന്‍ഡബിള്‍ ഇനിഷ്യേറ്റീവ് പുരസ്‌കാരം’ കേരളത്തിന്. ബെസ്റ്റ് സിറ്റി ബസ് സര്‍വീസ് വിഭാഗത്തില്‍ ‘കൊച്ചിയിലെ തടസ്സങ്ങളില്ലാത്ത ഗതാഗത സംവിധാന’ത്തിനാണ് പുരസ്‌കാരം.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് 2017ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര നഗര ഗതാഗത നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍, സ്വകാര്യ ബസുകള്‍, വാട്ടര്‍ മെട്രോ, മാളുകള്‍ എന്നിവയില്‍ ഉപയോഗിക്കാന്‍ കൊച്ചി വണ്‍ കാര്‍ഡ് നടപ്പാക്കി. ഈ പദ്ധതി രാജ്യത്ത് ആദ്യത്തെ സംരംഭമായിരുന്നു. കെഎസ്ആര്‍ടിസി ബസിലും ഈ മാതൃക ഉടനുണ്ടാകും.

നഗരത്തിലെ 1,000 സ്വകാര്യ ബസുകളെ സംയോജിപ്പിച്ച് കമ്പനി രൂപീകരിച്ചു. ഇതും രാജ്യത്ത് ആദ്യമായിരുന്നു. 120 ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചു. യാത്രാ വിവരണങ്ങള്‍, വാര്‍ത്തകള്‍, റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ എന്നിവ യാത്രക്കാര്‍ക്ക് സ്‌ക്രീനില്‍ കാണാം.

സ്മാര്‍ട് ബസുകളില്‍ രണ്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. മുന്നിലെ ക്യാമറ റോഡിലെ ഗതാഗത ലംഘനങ്ങളും അമിത വേഗവും ഒപ്പിയെടുക്കും. ബസിനുള്ളിലെ രണ്ടാമത്തെ ക്യാമറ യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. ദൃശ്യങ്ങള്‍ ബസ് ഉടമകള്‍ക്കും പൊലീസിനും തത്സമയം ലഭിക്കും. 120 ബസുകളില്‍ 10 വനിത കണ്ടക്ടര്‍മാരെ നിയമിച്ചതും മാതൃക നടപടിയായി.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതികള്‍ ആക്സിസ് ബാങ്കുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ വൈദ്യുതിയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട് ബസ് സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചത്. 17ന് ലഖ്നൗവില്‍ നടക്കുന്ന 12ാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ ദേശീയ സമ്മേളനത്തില്‍വച്ച് പുരസ്‌കാരം ഏറ്റുവാങ്ങും.