പതിനേഴാം ദിവസത്തിലേക്ക് കടന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി സമരം. ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കും.

കേന്ദ്ര ഫീസ് വര്‍ധനവ്, ഹോസ്റ്റല്‍ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂര്‍ നീണ്ട ഉപരോധം നടത്തിയത്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു. ജെഎന്‍യു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ഹോസ്റ്റല്‍ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നലെ സംഘര്‍ഷഭരിതമാവുകയായിരുന്നു. ജെഎന്‍യു ക്യാമ്പസിനോട് ചേര്‍ന്ന ഓഡിറ്റോറിയത്തില്‍ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സിലറെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചും വലിച്ചിഴച്ചും നീക്കിയാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു.

ഫീസ് വര്‍ധന, ഡ്രസ്‌കോഡ്, ഹോസ്റ്റല്‍ സമയ നിയന്ത്രണം എന്നിവ പ്രഖ്യാപിച്ച ഐഎച്ച്എ യോഗ തീരുമാനം പിന്‍വലിക്കുക. ഒറ്റമുറിയുടെയും ഇരട്ടമുറിയുടെയും മാസവാടക യഥാക്രമം 20, 10 രൂപയില്‍നിന്ന് 600ഉം 300 ആക്കി വര്‍ധിപ്പിച്ചു. മെസ്സിനുള്ള ഡപ്പൊസിറ്റ്തുക 5500ല്‍നിന്ന് 12000 രൂപയാക്കി ഉയര്‍ത്തി. സേവനഫീസ് എന്നനിലയില്‍ മാസം 1700 രൂപ പുതിയതായി കൊണ്ടുവന്നു. വി സി ചര്‍ച്ചയ്ക്ക് തയാറാകണം. പാര്‍ത്ഥസാരഥി കുന്നുകളിലേക്കുള്ള വഴി അടച്ചത് പിന്‍വലിക്കണം. എന്നിവയാണ് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍.