2019 ജൂലൈയില്‍ പാര്‍ലമെന്റ് പാസാക്കിയ ‘ദി കോഡ് ഓണ്‍ വേജസ് ആക്ട്’ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും സംരക്ഷണവും നഷ്ടപ്പെടുത്തുന്നതാണ്. നിലവിലുണ്ടായിരുന്ന നാല് നിയമങ്ങള്‍ക്ക് ( മിനിമം വേജസ് ആക്ട്, പേമെന്റ് ഓഫ് വേജസ് ആക്ട്, പേമെന്റ് ഓഫ് ബോണസ് ആക്ട്, ഈക്വല്‍ റമ്യൂണറേഷന്‍ ആക്ട്) പകരമായിട്ടാണ് പുതിയ കോഡ് പാസാക്കിയത്. തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ക്കനുകൂലമായി ഭേദഗതി ചെയ്യുന്നതിനെതിരെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഒന്നിച്ചുയര്‍ത്തിയ പ്രക്ഷോഭങ്ങളെ തൃണവല്‍ഗണിച്ചാണ്, മോഡി സര്‍ക്കാര്‍ പുതിയ നിയമം പാസാക്കിയത്. ലോക്‌സഭയിലും രാജ്യസഭയിലും പ്രമുഖ പ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസ് പുതിയ നിയമത്തെ അനുകൂലിച്ചു.

ഇടതുപക്ഷ പാര്‍ടികളും ഡിഎംകെ, സമാജ് വാദി പാര്‍ടി എന്നിവരും മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. സ്വകാര്യ മൂലധന നിക്ഷേപം ആകര്‍ഷിക്കാനും വ്യവസായങ്ങള്‍ ‘സുഗമമായി’ നടത്താനുമെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്താകെ തൊഴില്‍ബന്ധങ്ങള്‍ ‘അയവേറിയതാക്കുക’ എന്ന നയത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ നിയമം.

മുതലാളിവര്‍ഗത്തെ സഹായിക്കാന്‍ പാര്‍ലമെന്റ് അംഗീകരിച്ച പുതിയ നിയമത്തിന്റെ ചട്ടങ്ങളുടെ കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ തൊഴിലാളികള്‍ അനുഭവിച്ചിരുന്ന പല അവകാശങ്ങളും നഷ്ടപ്പെടുമെന്ന് നിര്‍ദേശിക്കപ്പെട്ട ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.

തൊഴിലാളികളുടെ ഒരു ദിവസത്തെ ജോലി സമയം ഒമ്പത് മണിക്കൂര്‍വരെ ആകാമെന്ന് ചട്ടങ്ങളില്‍ പറയുന്നു. ജോലിക്കിടയില്‍ ഇടവേളകള്‍ നല്‍കിക്കൊണ്ട്, ദിവസജോലി സമയത്തിന്റെ ദൈര്‍ഘ്യം 12 മണിക്കൂര്‍വരെ ആക്കാന്‍ ചട്ടം വ്യവസ്ഥ ചെയ്യുന്നു. ഒരു ദിവസത്തെ ജോലി എട്ട് മണിക്കൂര്‍ എന്ന തത്വത്തെ കാറ്റില്‍ പറത്തുന്നു. ഒന്നര നൂറ്റാണ്ടുമുമ്പാണ് ചിക്കാഗോയിലെ തൊഴിലാളികള്‍ എട്ട് മണിക്കൂര്‍ തൊഴില്‍, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം വിളിച്ച് സമരം ചെയ്തത്. ഐഎല്‍ഒ അംഗീകരിച്ച പ്രമാണമാണ് എട്ട് മണിക്കൂര്‍ ജോലി എന്നത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴിലാളിയെ തൊഴിലുടമ ജോലി ചെയ്യിച്ചാല്‍ അങ്ങനെ ചെയ്യുന്ന തൊഴിലിന് ഇരട്ടിവേതനം നല്‍കണം.

വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലെയും മോട്ടോര്‍ വാഹനങ്ങളിലെയും തൊഴിലാളികളുടെ തൊഴില്‍സമയം ഇടവേളകള്‍ നല്‍കി ക്രമീകരിക്കാന്‍ പ്രത്യേക നിയമങ്ങള്‍ ഉണ്ട്. എന്നാല്‍, ഒരു ദിവസത്തെ ജോലി, പൊതുവില്‍ ഒമ്പത് മണിക്കൂര്‍ എന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം, മുതലാളിവര്‍ഗത്തെ സഹായിക്കാനാണ്. ഒരാഴ്ചയില്‍ ആറ് ദിവസം, മാസത്തില്‍ 26 ദിവസം ആണ് ഒരു തൊഴിലാളി സാധാരണ ജോലി ചെയ്യേണ്ടത്. ഒരാഴ്ചയില്‍ നിശ്ചയിക്കപ്പെട്ട കൂലി ലഭിക്കാന്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയായിരുന്നു. അത് 54 മണിക്കൂറായി ഉയരും. വികസിത രാജ്യങ്ങളില്‍ ഒരാഴ്ചത്തെ ശമ്പളം ലഭിക്കാന്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതി, ഒരു ദിവസത്തെ ജോലിസമയം ഏഴ് മണിക്കൂറാണ് പല രാജ്യങ്ങളിലും. ഒരാഴ്ചത്തെ കൂലിക്കായി 35 മണിക്കൂര്‍ ജോലി എന്നതാണ് തത്വം.

തൊഴിലാളികളുടെ അധ്വാനശക്തി ഉപയോഗിച്ച് സൃഷ്ടിക്കുന്ന സമ്പത്തില്‍നിന്നാണ് അവര്‍ക്ക് വേതനം നല്‍കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയും തൊഴിലിന്റെ വൈദഗ്ധ്യവും വലിയ തോതില്‍ വികസിച്ച സാഹചര്യത്തില്‍ തൊഴിലാളിക്കും കുടുംബത്തിനും ഒരു ദിവസം ജീവിക്കാനാവശ്യമായ വേതനത്തിനായി മുമ്പത്തെപ്പോലെ ദിവസം എട്ട് മണിക്കൂര്‍ ജോലി ചെയ്യേണ്ടതില്ല. തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയും തൊഴില്‍ വൈദഗ്ധ്യവും പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ജോലിസമയം ഒമ്പത് മണിക്കൂറായി ദീര്‍ഘിപ്പിച്ചത്.

മിനിമം വേതന നിയമപ്രകാരമാണ് നേരത്തെ തൊഴിലാളികളുടെ കുറഞ്ഞ കൂലി നിശ്ചയിച്ചിരുന്നത്. മിനിമം വേതന നിയമം ബാധകമാകുന്ന തൊഴിലുകളുടെ പട്ടിക, ഓരോ സംസ്ഥാന സര്‍ക്കാരും തയ്യാറാക്കും. ഓരോ മേഖലയ്ക്കും മിനിമം വേതനം അഞ്ച് വര്‍ഷത്തേക്കാണ് നിശ്ചയിക്കുക. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പുതുക്കി നിശ്ചയിക്കും. ഓരോ വ്യവസായ മേഖലയിലും മിനിമം കൂലി നിര്‍ണയിക്കുന്നതിന് ത്രികക്ഷി സമിതിയെ നിയമിക്കും. പ്രസ്തുത സമിതി റിപ്പോര്‍ട്ട്, സംസ്ഥാന മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന് റഫര്‍ ചെയ്യും. അഡൈ്വസറി ബോര്‍ഡ് നല്‍കുന്ന ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനംചെയ്യും. പുതിയ നിയമം ഈ വ്യവസ്ഥ മാറ്റിമറിച്ചു. മിനിമം വേതന അഡൈ്വസറി ബോര്‍ഡിന്റെ ശുപാര്‍ശ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല. ദേശീയതലത്തില്‍ രാജ്യത്തെ വിവിധ മേഖലകളാക്കി, ഒരു ദേശീയ മിനിമം വേതനം, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കും. 46ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് അംഗീകരിച്ച മിനിമം വേതനതത്വം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. സാധാരണ തൊഴിലാളികളുടെ താല്‍പ്പര്യങ്ങളെ തീര്‍ത്തും ഹനിക്കുന്നതാണ് പുതിയ നിയമം.

തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു

പത്രപ്രവര്‍ത്തകരെയും സെയില്‍സ് പ്രെമോ ട്ടര്‍മാരെയും പുതിയ നിയമം ദോഷകരമായി ബാധിക്കും. വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആന്‍ഡ് അദര്‍ ന്യൂസ് പേപ്പര്‍ എംപ്ലോയീസ്, സെയില്‍സ് പ്രമോഷന്‍ എംപ്ലോയീസ് എന്നിവരെ, പുതിയ നിയമം ‘എംപ്ലോയീസ്’ എന്ന നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കി; ‘വര്‍ക്കര്‍’ എന്ന നിര്‍വചനത്തില്‍പ്പെടുത്തി മിനിമം വേതനം ബാധകമാകുന്ന വിഭാഗത്തെക്കുറിച്ച് പറയുന്നിടത്ത് ‘എംപ്ലോയീ’ എന്ന വാക്കാണുപയോഗിച്ചത്. ‘വര്‍ക്കര്‍’ എന്ന വിഭാഗത്തില്‍ വരുന്നവര്‍ക്ക് മിനിമം വേതനവ്യവസ്ഥ ഉണ്ടാകില്ല. നിലവില്‍ മിനിമം വേതനം ലഭിച്ചുവരുന്നവരും പ്രയാസത്തിലാകും.

തൊഴിലുടമയ്ക്ക് അവര്‍ നേരിട്ട് ജോലിക്കുവയ്ക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമെ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുള്ളൂ. ഇന്ത്യയിലെ വ്യവസായങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും കരാര്‍ തൊഴിലാളികളാണ്. കരാര്‍ തൊഴിലാളി നിയമമനുസരിച്ച് അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ശമ്പളം ഏതെങ്കിലും കോണ്‍ട്രാക്ടര്‍ നല്‍കിയില്ലെങ്കില്‍ ആയത് നല്‍കാന്‍ പ്രിന്‍സിപ്പല്‍ എംപ്ലോയര്‍ക്ക് ബാധ്യത ഉണ്ടായിരുന്നു. പുതിയ നിയമം, ആ ബാധ്യതയില്‍നിന്ന് തൊഴിലുടമകളെ ഒഴിവാക്കി. വ്യവസായ മേഖലയില്‍ ആകെ തൊഴിലാളികളുടെ 70 ശതമാനത്തിലധികം കരാര്‍ തൊഴിലാളികളാണ്. അവരുടെ സ്ഥിതി പരിതാപകരമാകും.

ഏതെങ്കിലും തൊഴിലാളി പണിമുടക്കം, നിയമവിരുദ്ധമായ പണിമുടക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍, ആ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളുടെ ശമ്പളത്തില്‍നിന്ന് ഒരു ദിവസത്തെ പണിമുടക്കിന് എട്ട് ദിവസത്തെ വേതനം പിടിച്ചുവയ്ക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് പുതിയ വേജ്‌കോഡ് അവകാശം നല്‍കുന്നു. ഏത് പണിമുടക്കവും സര്‍ക്കാരുകളുടെ ദൃഷ്ടിയില്‍ നിയമ വിരുദ്ധമായിരിക്കും. പ്രത്യേകിച്ച് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടക്കുന്ന പണിമുടക്കുകള്‍. അതിനെല്ലാം ഒരു ദിവസത്തിന് എട്ട് ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കുമെന്നുവന്നാല്‍ അതിനെ നേരിട്ട് പണിമുടക്ക് സമരം നടത്താന്‍ എത്രപേര്‍ക്ക് കഴിയും? ‘നാവടക്കൂ പണിയെടുക്കൂ’ എന്ന അടിയന്തരാവസ്ഥ കാലത്തെ നിലപാടിന് തുല്യമാണിത്.

വ്യവസായ സ്ഥാപനങ്ങള്‍, തൊഴില്‍ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തൊഴില്‍ വകുപ്പിലെ ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരമുണ്ടായിരുന്നു. ഏതെങ്കിലും മാനേജ്‌മെന്റ് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാമായിരുന്നു. തൊഴിലാളികള്‍ക്ക് വലിയ ആശ്വാസം നല്‍കിയിരുന്ന പ്രസ്തുത വ്യവസ്ഥ, പുതിയ വേജ് കോഡിലില്ല. ‘ലേബര്‍ ഇന്‍സ്‌പെക്ടര്‍’ക്ക് പകരം ‘ഫെസിലിറ്റേറ്റര്‍’ (സൗകര്യപ്പെടുത്തുന്ന ആള്‍) എന്ന പേരിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇനി പരിശോധനാധികാരം. ഇവര്‍ കമ്പനി പരിശോധിക്കാന്‍ എത്തുന്ന വിവരം മുന്‍കൂട്ടി മാനേജ്‌മെന്റിനെ അറിയിച്ചിരിക്കണം. തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കാത്ത മാനേജ്‌മെന്റുകള്‍ക്ക് സൗകര്യം ഒരുക്കുന്നതാണ് പുതിയ നിയമം.

റദ്ദാക്കപ്പെടുന്ന പഴയ നാല് തൊഴില്‍നിയമം തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് പുതിയ വേജ് കോഡ്. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ നിയമം. നിക്ഷേപകരുടെ താല്‍പ്പര്യം മാത്രമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. അധ്വാന ശക്തി ചെലവഴിച്ച് സമ്പത്തുല്‍പ്പാദനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന തൊഴിലാളികളെ പുതിയ നിയമം പൂര്‍ണമായും അവഗണിച്ചു. നവ ഉദാരവല്‍ക്കരണ നയത്തിന്റെ സൃഷ്ടിയാണ് ഈ പുതിയ നിയമം.

തൊഴിലാളി സംഘടനകള്‍ ദുര്‍ബലമാകുകയും കൂട്ടായ വിലപേശല്‍ ശക്തിക്ഷയിക്കുകയും ചെയ്താല്‍ സമ്പത്തിന്റെ പുനര്‍വിതരണം മുതലാളിവര്‍ഗത്തിനനുകൂലമാകും. തൊഴിലെടുക്കുന്നവരുടെ വരുമാനം കുറയുകയും മൂലധന ഉടമയുടെ സമ്പത്ത് വര്‍ധിക്കുകയുംചെയ്യും. സാമ്പത്തിക അസമത്വം വര്‍ധിക്കും. കമ്പോളങ്ങള്‍ പ്രതിസന്ധിയിലാകും. അത് വ്യവസായവളര്‍ച്ചയെയും സമ്പദ്ഘടനയെയും പ്രതിസന്ധിയിലാക്കും. ഇന്ത്യ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. അതുകൊണ്ടുതന്നെ കോടിക്കണക്കിന് തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന വേജ് കോഡ് നിയമത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം.