കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി; സമഗ്രമായ അന്വേഷണം നടത്തണം, തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാം

അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇരുവരുടെയും ബന്ധുക്കളുടെ പരാതിയിലായിരുന്നു ഹൈക്കോടതി നേരത്തേ സംസ്കാരം നടത്തുന്നത് തടഞ്ഞത്.

എന്നാല്‍ കേസില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ ബന്ധുക്കള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉപാധികളോടെ സംസ്കാരത്തിന് അനുമതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഏറ്റുമുട്ടലിന്‍റെ സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കണം. ആയുധങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം.

പരിശോധനാഫലം പാലക്കാട് സെഷന്‍സ് കോടതിക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അതിനാലാണ് നിലവിലുളള സംഘത്തോട് തന്നെ ഇക്കാര്യങ്ങളിലും അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here