എല്‍ഡിഎഫിന് വിജയം; കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ കെ ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട കൗണ്‍സിലര്‍ ഡി അനില്‍കുമാറിനേയും ബിജെപി സ്ഥാനാര്‍ഥി നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനേയുമാണ് തോല്‍പ്പിച്ചത്.

മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൗണ്ടായിരുന്നു വോട്ടെടുപ്പ്. ആദ്യവട്ടത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡി അനില്‍കുമാറിനെ ഒഴിവാക്കി. പിന്നീട് നടന്ന രണ്ടാം റൗണ്ടില്‍ കെ ശ്രീകുമാറും ബിജെപിയിലെ എം ആര്‍ ഗോപനും തമ്മിലായി മത്സരം.

ആദ്യ റൗണ്ടില്‍ ആകെ 99 പേര്‍ വോട്ടുചെയ്തതില്‍ കെ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 35 വോട്ടും ഡി അനില്‍കുമാറിനു 20 വോട്ടും ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി. കോണ്‍ഗ്രസ് അംഗം സി ഓമന, ബിജെപി അംഗം ജ്യോതി സതീഷ്, സ്വതന്ത്ര അംഗം എന്‍ എസ് ലതാകുമാരി എന്നിവരുടെ വോട്ടാണ് അസാധുവായത്. സ്വതന്ത്ര അംഗം ആര്‍ക്കും വോട്ട് ചെയ്തില്ല.

രണ്ടാം റൗണ്ടില്‍ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 34 വോട്ടും കിട്ടി. തുടര്‍ന്ന് ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.

പുതിയ മേയറെ വരണാധികാരി കൂടിയായ കളക്ടര്‍ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

ആദ്യ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് വിവിധ കക്ഷി നേതാക്കള്‍ മേയര്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു. വികസനകാര്യത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ട് പോകുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മേയറായി തിരഞ്ഞെടുക്കപ്പെട്ട കെ ശ്രീകുമാറിനെ മുന്‍ മേയര്‍ വികെ പ്രശാന്ത് നേരിട്ടെത്തി അഭിനന്ദിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ,വി ശിവന്‍കുട്ടി, സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, മുന്‍ മേയറാമാരായ സി.ജയന്‍ബാബു, ചന്ദ്രിക എന്നിവര്‍ ഷാളണിയിച്ച് സ്വീകരിച്ചു. കൗണ്‍സിലറമാരുടെ നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ എല്‍ഡിഎഫ് പ്രകടനം നടത്തി

മേയറായിരുന്ന വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്.

നിലവില്‍ സിപിഐഎമ്മിന്റെ വഞ്ചിയൂര്‍ ഏരിയാ കമ്മറ്റി അംഗമായ കെ.ശ്രീകുമാര്‍ നഗരസഭിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനാണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപ്പിലാക്കിയ ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അന്താരാഷ്ട്ര അവാര്‍ഡ് മലേഷ്യയില്‍ പോയി അടുത്തിടെ ഏറ്റുവാങ്ങിയത് കെ.ശ്രീകുമാറാണ്.

13 വയസില്‍ പാല്‍കുളങ്ങര NSS സ്‌കൂളിലെ SFI യൂണിറ്റ് സെക്രട്ടറിയായാണ് കെ ശ്രീകുമാര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് KSYF പേട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നു.

അടിയന്തിരാവസ്ഥ ശേഷം ഈച്ചരവാര്യര്‍ നയിച്ച ജാഥയില്‍ പങ്കെടുത്തതിന് തിരുവനന്തപുരം പുത്തരി കണ്ടത്ത് വെച്ച് പോലീസിന്റെ ക്രൂരമായ ലാത്തിചാര്‍ജിന് വിധേയനായി.

ഡിവൈഎഫ്‌ഐ നേതാവായിരിക്കെ 1983 ല്‍ KSEB യില്‍ കാഷ്യര്‍ ആയി സര്‍വ്വീസില്‍ പ്രവേശിച്ചു. പ്രൊബേഷന്‍ പീരീഡില്‍ സമരം ചെയ്തു എന്ന പേരില്‍ നാല് മാസത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ടു.

രണ്ടര വര്‍ഷം കഴിഞ്ഞ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ തിരികെ വേശിച്ചു. സര്‍വ്വീസിലിരിക്കെ ജോലിയിലെ വൈഭവം കണക്കിലെടുത്ത് ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചു.

പത്ത് വര്‍ഷകാലം കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2015 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ നടന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 1200 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ചാക്ക വാര്‍ഡില്‍ നിന്ന് വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News