ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള അവസാന ശ്രമത്തിലാണ് എന്‍ സി പി.

ഇതിനിടയിലാണ് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യറി മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമാണ് ഉചിതമായിരിക്കുക എന്ന നിര്‍ദ്ദേശവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ബി ജെ പിയും ശിവസേനയും പരാജയപ്പെട്ടിടത്താണ് അവസാന ഘട്ട ശ്രമത്തിനായി ഗവര്‍ണര്‍ എന്‍ സി പിക്ക് അവസരം നല്‍കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് 8.30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.

കൈ നിറയെ ഉപാധികളുമായി നില്‍ക്കുന്ന എന്‍ സി പിയുടെ നിലപാടുകളാണ് ശിവസേനയെയും വെട്ടിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ശിവസേനയോട് അനുകൂലമായ നിലപാടാണ് എടുത്തതെങ്കിലും ദേശിയ നേതൃത്വം ഇത് വരെ പച്ചക്കൊടി കാണിച്ചിട്ടില്ല.

കോണ്‍ഗ്രസ് നിലപാടിനു പിന്നാലെയാണ് ശരദ് പവാറിന്റെ എന്‍സിപിയും ശിവസേനയെ കൈവിട്ടത്.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപിക്ക് അനുവദിച്ച സമയം അവസാനിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് മുന്‍പ് രണ്ടു പ്രാവശ്യമാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 1980 ഫെബ്രുവരിയില്‍ 112 ദിവസവും 2014 സെപ്റ്റംബറില്‍ 33 ദിവസവും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

മഹാരാഷ്ട്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടായിരിക്കുന്ന രാഷ്ട്രീയ അസ്ഥിരതയില്‍ അസ്വസ്ഥരാണ് നഗരവാസികള്‍.