സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശചെയ്തു എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാനുള്ള സാവകാശം ഗവര്‍ണര്‍ നല്‍കിയില്ലെന്നുന്നയിച്ച് ശിവസേന സുപ്രീംകോടതിയിലേക്ക്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം തെളിയിക്കുന്ന കത്തുകള്‍ ഹാജരാക്കാന്‍ മൂന്ന് ദിവസം സമയമായിരുന്നു ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഗവര്‍ണര്‍ അനുവദിച്ചത് 1 ദിവസം മാത്രം. ഇത് ചോദ്യം ചെയ്താണ് ശിവസേന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് രണ്ട് ദിവസം അനുവദിച്ച ഗവര്‍ണര്‍ ശിവസേനയ്ക്ക് മതിയായ സമയം നല്‍കിയില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

1994ലെ ബൊമ്മൈ കേസ് പ്രകാരം ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. ആര്‍ക്ക് ഭൂരിപക്ഷം ഉണ്ടെന്ന് രാജ്ഭവനില്‍ ഇരിക്കുന്ന ഗവര്‍ണര്‍ക്ക് അറിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ശിവസേന നേതാവ് അനില്‍ ദത്താത്രയ്ക്ക് വേണ്ടി അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് നല്‍കാന്‍ മൂന്ന് ദിവസം അനുവദിച്ച് ഉത്തരവിടണം എന്നും സമയം അനുവദിക്കാത്ത ഗവര്‍ണറുടെ അകാരണവും ഭരണഘടനാ വിരുദ്ധവുമായി കണ്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ശിവസേനയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നാളെ കോടതിയില്‍ ആവശ്യപ്പെടും. നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെയാണ് ആവശ്യം ഉന്നയിക്കുക.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണെന്നും രാജ്ഭവനില്‍ ഇരുന്നുകൊണ്ട് ഗവര്‍ണര്‍ക്ക് ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നും ശിവസേന പറയുന്നു.

ശിവസേനയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

എന്‍സിപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ന് രാത്രി 8 30 വരെയാണ് ഗവര്‍ണര്‍ നേരത്തെ സമയം അനുവദിച്ചിരുന്നത്.

എന്നാല്‍ ബിജെപി ഇതര സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ രൂപപ്പെടുമെന്ന് ധാരണയായതോടെ ഗവര്‍ണര്‍ രാഷ്ട്രപതി ഭറണം ശുപാര്‍ശ ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാറിന് കത്തയക്കുകയായിരുന്നു.

കേന്ദ്രമന്ത്രിസഭ ഗവര്‍ണറുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തതോടെ ഗവര്‍ണറുടെ രാഷ്ട്രീയ നീക്കങ്ങല്‍ കൂടുതല്‍ വ്യക്തമായി.

കത്ത് പരിഗണിച്ച് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍വരുകയാണെങ്കില്‍ തന്നെയും മഹാരാഷ്ട്രാ രാഷ്ട്രീയം കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങുമെന്നുറപ്പായി.

ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് ശിവസേന നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാറിനെയും കോണ്‍ഗ്രസിനെയും എന്‍സിപിയെയും കക്ഷിചേര്‍ത്തിട്ടുണ്ട്‌