ബിഎസ്എൻഎൽ കരാർ തൊഴിലാളി അനിൽകുമാറിന്റെ മരണം ആത്മഹത്യയെന്ന് ബന്ധുക്കൾ. ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. അനിൽ കുമാറിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ശനിയാഴ്ചയാണ് മങ്കരയ്ക്കടുത്ത് കാളികാവ് റെയിൽവേ ഗേറ്റിന് സമീപം അനിൽകുമാറിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വർഷമായി ബി എസ് എൻ എല്ലിൽ കരാർ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ആഗസ്ത് മുതൽ അനിൽ കുമാറിന് ജോലി നഷ്ടമായിരുന്നു. നാല് മാസത്തെ ശമ്പള കുടിശ്ശിക ലഭിക്കാനുമുണ്ട്. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ അനിൽ കുമാർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം

പത്തിരിപ്പാല, കോങ്ങാട്,പറളി എക്സ്ചേഞ്ചുകളിലാണ് ജോലി ചെയ്തിരുന്നത്. അർബുദ രോഗിയായ അമ്മയും സഹോദരിമാരു മുൾപ്പെടെയുള്ള കുടുംബം അനിൽ കുമാറിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.

ബി എസ്.എൻ എല്ലിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ BSNL കാഷ്വൽ കോൺട്രാക്ട് ലേബേ‍ഴ്സ് യുണിയന്‍റെ നേതൃത്വത്തിൽ കരാർ തൊഴിലാളികൾ മാസങ്ങളായി അനിശ്ചിതകാല സമരത്തിലാണ്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ ജോലി നഷ്ടപ്പെട്ട ബി എസ് എൻ എൽ കരാർ തൊഴിലാളി ആത്മഹത്യ ചെയ്തിരുന്നു