മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഇത് മൂന്നാം ഊ‍ഴം; ആദ്യത്തേത് 1980ല്‍

മഹാരാഷ്ട്രയില്‍ ഇത് മൂന്നാം തവണയാണ് രാഷ്ടപ്രതി ഭരണം ഏര്‍പ്പെടുത്തുന്നത്. 1980ലും 2014ലുമാണ് ഇതിന് മുന്‍പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിരാഗാന്ധി 9 കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളെയാണ്പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ഇന്ദിരാഗാന്ധിയുടെ ഈ ജനാധിപത്യ കശാപ്പിലൂടെയാണ് മഹാരാഷ്ട്ര ആദ്യമായി രാഷ്ട്രപതി ഭരണത്തിലേക്ക് പോയത്.

1980 ഫെബ്രുവരി 17ലായിരുന്നു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ടത്. അന്ന് പുരോഗമന ജനാധിപത്യ മുന്നണിയുടെ മുഖ്യമന്ത്രിയായി ശരദ് പവാറായിരുന്നു ഉണ്ടായിരുന്നത്.

ജനതാ പാര്‍ട്ടിയുമായി സഖ്യത്തില്‍ ആയിരുന്നു പവാര്‍. 112 ദിവസം നീണ്ടു നിന്നു ഈ രാഷ്ട്രപതി ഭരണം. പിന്നീട് 1980 ജൂണ്‍ 8ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കപ്പെട്ടു.

2014ലെ നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു രണ്ടാമത്തെ രാഷ്ട്രപതി ഭരണം. 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് എന്‍സിപി മുന്നണി വിട്ടതോടെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് ഭൂരിപക്ഷം നഷ്ടമായി.

ഇതേ തുടര്‍ന്നായിരുന്നു 33 ദിവസം നീണ്ട രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. 2014 സെപ്റ്റംബര്‍ 28 ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ഒക്ടോബര്‍ 31 വരെ തുടര്‍ന്നു.

രാഷ്ട്രപതി ഭരണത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ഭരണം പിടിക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കഴിഞ്ഞ രണ്ട് തവണയും സംസ്ഥാനത്ത് സര്‍ക്കാരുകള്‍ നിലവിലുണ്ടായിരുന്നു.

എന്നാല്‍ ഇക്കുറി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കാരണമായതാകട്ടെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News