റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫ് റോഡര്‍ മോഡലായ ഹിമാലയന്റെ പുതിയ മോഡലുകള്‍ പുറത്തിറങ്ങി. ഹിമാലയന്റെ പുതിയ 3 നിറങ്ങളാണ് ഇറ്റലിയില്‍ നടന്ന 2019 മിലാന്‍ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചത്. ഗ്രാവല്‍ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ മൂന്ന് പുതുനിറങ്ങളിലാണ് ഹിമാലയന്‍ പുറത്തിറങ്ങിയത്.

നിലവില്‍ സ്നോ, ഗ്രാനൈറ്റ്, സ്ലീറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. റോക്ക് റെഡ്, ലേക്ക് ബ്ലൂ എന്നീ ഡ്യുവല്‍ കളര്‍ ഓപ്ഷനില്‍ ഫ്യുവല്‍ ടാങ്ക്, ലഗേജ് റാക്ക്, ക്രാഷ് പ്രൊട്ടക്ഷന്‍ ഗാര്‍ഡ് എന്നിവ റെഡ്/ബ്ലൂ ഗ്ലോസി ഫിനിഷിലുമാണ്. ബാക്കിയുള്ള ഭാഗങ്ങളെല്ലാം ബ്ലാക്ക് നിറത്തിലാണ് നല്‍കിയിരിക്കുന്നത്.

ഗ്രാവല്‍ ഗ്രേ കളര്‍ ഓപ്ഷനിലാകട്ടെ ഫ്യുവല്‍ ടാങ്ക്, ഫ്രണ്ട് ബ്രേക്ക് ഫെന്‍ഡര്‍ എന്നിവ മാറ്റ് ഫിനിഷിലും മറ്റ് ഭാഗങ്ങളെല്ലാം പതിവുപോലെ ബ്ലാക്ക് നിറത്തിലുമാണ്. നിറങ്ങള്‍ പുതിയതായി ഉള്‍പ്പെടുത്തിയതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും പുതിയ ബൈക്കിനില്ല.

24.5 ബിഎച്ച്പി പവറും 32 എന്‍എം ടോര്‍ക്കുമേകുന്ന 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. വൈകാതെ പുതിയ കളര്‍ ഓപ്ഷനില്‍ ഹിമാലയന്‍ വിപണിയിലെത്തും.