കൊല്ലം കുണ്ടറയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുണ്ടറ മുളവന സ്വദേശി പള്ളിമുക്കിൽ ചരുവിള പുത്തൻ വീട്ടിൽ കൃതി മോഹനനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സ്വത്തിനായി തന്റെ മകളെ കൊന്നതാണെന്ന് അമ്മ വെളിപ്പെടുത്തി. രണ്ടാം ഭർത്താവ് വൈശാഖിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.

ഇന്നലെ രാത്രി 10 ന് ശേഷമാണ് കൃതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പോലീസ് നടത്തിയ പരിശോധനയിൽ കൃതിയുടെ
മുഖത്ത് ശ്വാസംമുട്ടിച്ചതിന്റെ പാടുകൾ കണ്ടെത്തി. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.

വൈകിട്ട് 6 മണിയോടെ മുളവന പള്ളിമുക്കിലെ കൃതിയുടെ വീടിനടുത്ത് എത്തിയ കൃതിയുടെ രണ്ടാം ഭർത്താവ് വൈശാഖ് ഇവിടെ ജോലി നോക്കി വരുന്ന കൃതിയുടെ പിതാവ് മോഹനെ നേരിൽ കണ്ട് കൃതിയുമ‌ായുള്ള പ്രശ്നങ്ങൾ സംസാരിച്ചു തീർക്കാൻ സഹായിക്കണമെന്നാവശ്യപ്പെടുകയും വീട്ടിലെത്തിയ ഇയാൾ കൃതിയെ ബെഡ്റൂമിലെത്തിച്ച് വാതിലടക്കുകയും ചെയ്തു.

ദീർഘനേരം കതകിൽ തട്ടി വിളിച്ചിട്ടും വാതിൽ തുറക്കാത‌യതോടെ കൃതിയുടെ അമ്മ മുറി തുറന്നപ്പോൾ കൃതിയെ മരിച്ച നിലയിൽ കാണുകയായിരുന്നു.

ബഹളം കേട്ടെത്തിയ കൃതിയുടെ പിതാവ് മോഹൻ സംശയം തോന്നി വൈശാഖിനെ കടന്നു പിടിച്ചെങ്കിലും കുതറിമ‌റിയ പ്രതി കാറിൽ കടന്നു. സ്വത്തിനായി തന്റെ മകളെ കൊന്നതാണെന്ന് അമ്മ വെളിപ്പെടുത്തി.

ഒരു വർഷത്തിനു മുമ്പ് ആയിരുന്നു കൃതിയും വൈശാഖുംതമ്മിലുള്ള വിവാഹം നടന്നത്.
വിവാഹശേഷം വിവാഹത്തോടനുബന്ധിച്ച് നൽകിയ സ്വർണ്ണവും മറ്റും വൈശാഖ് പണയപ്പെടുത്തുകയും കൃതിയുടെ അമ്മ ബിന്ദുവിൻറെ പേരിലുണ്ടായിരുന്ന വസ്തുവകകൾ പണയം വെച്ച് 10 ലക്ഷത്തോളം രൂപ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് രണ്ടു മാസത്തോളമായി വൈശാഖിന് കൃതിയുടെ കുടുംബത്തോട് യാതൊരു തരത്തിലുമുള്ള ബന്ധങ്ങളും ഉണ്ടായിരുന്നില്ല.