കോട്ടയം നഗരത്തെ ചുവർ ചിത്ര നഗരിയാക്കി മാറ്റി വിദ്യാർത്ഥി കൂട്ടായ്മ. കോട്ടയത്തെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് തിരുനക്കര മൈതാനത്തിന്റെ പിൻവശം ചുവർ ചിത്രങ്ങളാൽ മനോഹരമാക്കിയത്. കോട്ടയത്തിന്റെ പഴമയും പുതുമയും ചിത്രത്തിലൂടെ കുട്ടികൾ വരച്ചു കാട്ടുന്നു.

അക്ഷര നഗരിയുടെ ഹൃദയമാണ് തിരുനക്കര മൈതാനം. സാക്ഷരതയിൽ കേമൻമാരാണെങ്കിലും മൈതാനം വൃത്തിയായി സൂക്ഷിക്കുന്നതിൽ നഗരസഭയുടെ പരാജയവും ജനങ്ങൾക്കിടയിൽ ചർച്ചയാണ്. ഇതിനു പരിഹാരം കാണുകയാണ് കലാകാരന്മാരായ ഒരു കൂട്ടം വിദ്യാർത്ഥികൾ.

തിരുനക്കര മൈതാനത്തെ ഓപ്പൺ സ്റ്റേജിനു പുറകിലെ മാലിന്യം നിറഞ്ഞ മതിൽ കഴുകി വൃത്തിയാക്കിയാണ് വിദ്യാർത്ഥികൾ മിഴിവാർന്ന ചിത്രങ്ങൾ വരച്ചത്. ഒന്നര ലക്ഷം രൂപയാണ് ചെലവ്. പഴമയും പുതുമയുമടങ്ങുന്ന കോട്ടയത്തിന്റെ കാഴ്ചകളടങ്ങുന്ന നാലു ഫ്രെയിമുകളാണ് കാണികളെ ചിന്തിപ്പിക്കുന്നത്.

100 വിദ്യാർത്ഥികൾ ചേർന്നാണ് അഞ്ചു ദിവസം കൊണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിയത്. കോട്ടയത്തെ മറ്റ് സ്ഥലങ്ങളും മനോഹരമാക്കാനുള്ള ദൗത്യം ഏറ്റെടുക്കാനും ഈ വിദ്യാർത്ഥി കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്.