ജെഎൻയുവിൽ അക്കാദമിക്‌ അടിയന്തരാവസ്ഥ; അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ച പോലും അസാധ്യം; വിസിയെ പുറത്താക്കണമെന്ന്‌ വിദ്യാർഥികൾ

വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ചർച്ചപോലും അസാധ്യമായതോടെ ജെഎൻയു നേരിടുന്നത്‌ അക്കാദമിക്‌ അടിയന്തരാവസ്ഥ. ജനാധിപത്യപരമായും യുക്തിസഹമായും ചുമതല നിർവഹിക്കാനാകാത്ത വൈസ്‌ ചാൻസിലർ എം ജഗദീഷ്‌ കുമാറിനെ പുറത്താക്കണമെന്ന്‌ വിദ്യാർഥി യൂണിയനും അധ്യാപക അസോസിയേഷനും ആവശ്യപ്പെട്ടു.

ഹോസ്‌റ്റൽ ഫീസിൽ വൻ വർധനയും ന്യായരഹിതമായ പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കും വരെ സമരം തുടരുമെന്ന്‌ യൂണിയൻ അറിയിച്ചു. അധികൃതരുടെ നിസംഗത ഗവേഷണ– പഠന പ്രവർത്തനങ്ങളെ ബാധിക്കുന്ന നിലയിലെത്തി. രണ്ടാഴ്‌ചയായി സമരം ചെയ്യുന്ന വിദ്യാർഥികളോട്‌ ചർച്ചയ്‌ക്കുപോലും തയാറാകാത്ത വി സിയുടെ നിലപാടാണ്‌ തിങ്കളാഴ്‌ച പ്രതിഷേധത്തെ തെരുവിലെത്തിച്ചത്‌.

ഫെലൊഷിപ്പ്‌ വൈകുന്നതടക്കം സുപ്രധാന വിഷയങ്ങളിലൊന്നും വിദ്യാർഥികളെ കേൾക്കാൻ അധികൃതർ തയാറാകുന്നില്ല. ഇതിനിടെ, മെസ്‌ ഫീസ്‌ 14 നുള്ളിൽ അടയ്‌ക്കാത്തവരെ മെസിൽനിന്ന്‌ ഒഴിവാക്കുമെന്ന്‌ ക്യാമ്പസിലെ ‘ജലം’ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക്‌ അറിയിപ്പുകിട്ടി. അധികൃതർ വിദ്യാർഥികളെ അകറ്റിനിർത്തുന്ന സമീപനം തുടരുന്നതിനാൽ, വിദേശ രാജ്യങ്ങളിലടക്കം സെമിനാറുകളിലും മറ്റ്‌ അക്കാദമിക്‌ പരിപാടികളിലും പങ്കെടുക്കേണ്ട വിദ്യാർഥികൾ ആശങ്കയിലാണ്‌.

ജെഎൻയു എന്നത്‌ ഒരു സ്ഥാപനത്തിന്റെ പേരല്ലെന്നും ഒരാശയമാണെന്നും യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ പറഞ്ഞു. പൊതുവിദ്യാഭ്യാസം എങ്ങനെയാകണം എന്നതാണ്‌ ആ ആശയം. ആ ആശയം സംരക്ഷിക്കാനാണ്‌ വിദ്യാർഥികൾ പ്രതിഷേധിക്കുന്നതെന്ന്‌ ഐഷി പറഞ്ഞു.

ജെഎൻയുവിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക്‌ പിന്തുണയുമായി പൂർവ്വ വിദ്യാർഥികൾ അന്താരാഷ്‌ട്രതലത്തിൽ ഒപ്പുശേഖരണം തുടങ്ങി. ഫീസ്‌ വർധന ജെഎൻയുവിന്റെ മരണമണിയാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഐക്യദാർഢ്യവുമായി അക്കാദമിക്‌ സമൂഹം പിന്തുണ പ്രഖ്യാപിച്ചത്‌. ഫീസ്‌ വർധന അവസാനിപ്പണം എന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ ആറുമുതൽ എട്ടുവരെ ട്വിറ്റർ പ്രചാരണം നടക്കും.

തിങ്കളാഴ്‌ച സർവകലാശാലയുടെ ബിരുദദാനചടങ്ങിൽ ഉപരാഷ്‌ട്രപതി എം വെങ്കയ്നായിഡു പങ്കെടുക്കവെ നടന്ന വിദ്യാർഥി പ്രതിഷേധം രാത്രിവരെ നീണ്ടു. എഐസിടിഇ ആഡിറ്റോറിയത്തിൽനടന്ന ചടങ്ങിനെത്തിയ കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ്‌ പെഖ്രിയാൽ നിഷാങ്ക്‌ പ്രശ്‌നം പരിഹരിക്കാൻ വി സിയോട്‌ നിർദ്ദേശിക്കാമെന്ന്‌ വിദ്യാർഥികൾക്ക്‌ ഉറപ്പുനൽകി. മന്ത്രിക്ക്‌ ആറു മണിക്കൂറിനുശേഷമാണ്‌ പുറത്തുപോകാനായത്‌. പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ച പൊലീസ്‌ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here