സെയ്‌ദ്‌ മുഷ്‌ത്താഖ്‌ അലി ട്വന്റി-20 ക്രിക്കറ്റ്‌; കേരളത്തിന്‌ ആദ്യ ജയം

സെയ്‌ദ്‌ മുഷ്‌ത്താഖ്‌ അലി ട്വന്റി-20 ക്രിക്കറ്റ്‌ ട്രോഫിയിൽ കേരളത്തിന്‌ ആദ്യ ജയം. ത്രിപുരയെ 14 റണ്ണിന്‌ കീഴടക്കി. അരസെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും (28 പന്തിൽ 58) നാല്‌ വിക്കറ്റ്‌ നേടിയ ഓൾറൗണ്ടർ ജലജ്‌ സക്‌സേനയുടെയും മികവിലാണ്‌ കേരളം ജയം പിടിച്ചത്‌. കേരളം ഉയർത്തിയ 192 റൺ വിജയലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ വീശിയ ത്രിപുരയ്‌ക്ക്‌ 177 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ കളിയിൽ തമിഴ്‌നാടിനോട്‌ 37 റണ്ണിന്‌ തോറ്റിരുന്നു കേരളം. സ്‌കോർ: കേരളം 7–-191, ത്രിപുര 8–-177.

തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ടോസ്‌ നേടിയ ത്രിപുര കേരളത്തെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. ഓപ്പണർ വിഷ്‌ണു വിനോദിന്റെ വെടിക്കെട്ടോടുകൂടിയായിരുന്നു തുടക്കം. പക്ഷേ, അധികം ആയുസ്സുണ്ടായില്ല. ആറുപന്തിൽ രണ്ട്‌ സിക്‌സറടക്കം 14 റണ്ണുമായി രണ്ടാം ഓവറിൽ വിഷ്‌ണു മടങ്ങി.
മൂന്നാമനായെത്തിയ പി പി രാഹുലിന്‌ (7) പിടിച്ചുനിൽക്കാനായില്ല. ക്യാപ്‌റ്റൻ റോബിൻ ഉത്തപ്പ 19 റണ്ണെടുത്തു. ഓപ്പണർ രോഹൻ കുന്നുമ്മൽ (27 പന്തിൽ 30) കരുതലോടെ കളിച്ചെങ്കിലും റണ്ണൗട്ടായി പുറത്തായി.

തുടക്കംമുതൽ കത്തിക്കയറി സച്ചിൻ. വിക്കറ്റ്‌ കീപ്പർ മുഹമ്മദ്‌ അസ്‌ഹറുദ്ദീനെയും (25) കൂട്ടുപിടിച്ച്‌ അഞ്ചാം വിക്കറ്റിൽ 81 റൺ ചേർത്തു. നാലുവീതം സിക്‌സറും ബൗണ്ടറിയും സഹിതമാണ്‌ സച്ചിൻ 58 റൺ നേടിയത്‌. അജയ്‌ സർക്കാരിന്റെ പന്തിൽ ഉത്തംകുമാർ ബോസിന്‌ പിടികൊടുത്തായിരുന്നു മടക്കം.

വാലറ്റക്കാരൻ ബേസിൽ തമ്പിയുടെ (12 പന്തിൽ 22) വമ്പനടി സ്‌കോർ ഇരുന്നൂറിനരികിൽ എത്തിച്ചു. അവസാന പത്തോവറിൽ 111 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌.
വൻ ലക്ഷ്യം പിന്തുടർന്ന ത്രിപുരയ്‌ക്ക്‌ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. മിലിന്ദ്‌ കുമാറിന്‌ (36 പന്തിൽ 54) മാത്രമാണ്‌ പിടിച്ചുനിൽക്കാനായത്‌. ദേവ്‌ധർ ട്രോഫിയിൽ മിന്നിയ സക്‌സേന ത്രിപുരയ്‌ക്കെതിരെയും മികവ്‌ ആവർത്തിച്ചു. നാലോവറിൽ 26 റൺ വഴങ്ങിയാണ്‌ നാല്‌ വിക്കറ്റ്‌ നേടിയത്‌.
ഇന്ന്‌ മണിപ്പൂരിനെതിരെയാണ്‌ കേരളത്തിന്റെ മൂന്നാം മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News