ഗാസയിൽ പലസ്‌തീൻ സംഘടനയായ ഇസ്ലാമിക്‌ ജിഹാദിന്റെ പ്രമുഖ നേതാവിനെയും ഭാര്യയെയും ഉറക്കത്തിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഇസ്ലാമിക ജിഹാദിന്റെ സായുധവിഭാഗമായ അൽ ഖുദ്‌സ്‌ ബ്രിഗേഡിന്റെ സൈനിക കൗൺസിൽ തലവൻ ബഹാ അബു അൽ അത്തയും ഭാര്യയുമാണ്‌ വധിക്കപ്പെട്ടത്‌. ചൊവ്വാഴ്‌ച പുലർച്ചെ നാലരയ്‌ക്കാണ്‌ ഇസ്രയേലി സേനാവിമാനങ്ങൾ ആക്രമണം നടത്തിയത്‌. കെട്ടിടത്തിൽ മൂന്നാംനിലയിൽ ഉറങ്ങുകയിരുന്നു ഇവർ. ഇവരുടെ നാല്‌ കുട്ടികൾക്കും ഒരു അയൽക്കാരനും പരിക്കേറ്റു.

ഇതിന്‌ പ്രതികാരം ചെയ്യുമെന്ന്‌ ഇസ്ലാമിക ജിഹാദ്‌ മുന്നറിയിപ്പ്‌ നൽകി. തുടർന്ന്‌ ഗാസയിൽനിന്നുണ്ടായ റോക്കറ്റ്‌ ആക്രമണം ഇസ്രയേലിൽ ഭീതിപരത്തി. അപായ സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ ഷെൽറ്ററുകളിൽ അഭയം തേടി. ടെൽ അവീവ്‌ അടക്കം ഡാൻ മേഖലയിലും തെക്കൻ ഭാഗത്തും ഇസ്രയേലി സേനാ(ഐഡിഎഫ്‌) ആഭ്യന്തരമുന്നണി സ്‌കൂളുകൾക്ക്‌ അവധി പ്രഖ്യാപിച്ചു. ഗാസ ഭരിക്കുന്ന ഹമാസും ഇസ്രയേലിന്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെയും പ്രതിരോധമന്ത്രിയുടെയും അനുമതി വാങ്ങിയാണ്‌ ആക്രമണം നടത്തിയതെന്നും ‘മിടിക്കുന്ന ബോംബ്‌’ ആയിരുന്നു അത്തയെന്നും ഐഡിഎഫും ഇസ്രയേലി ആഭ്യന്തരസുരക്ഷാ ഏജൻസി ഷിൻബെത്തും സംയുക്തപ്രസ്‌താവനയിൽ അറിയിച്ചു. അത്ത ഇസ്രയേലിൽ ആക്രമണത്തിന്‌ പദ്ധതിയിട്ടിരിക്കുകയായിരുന്നെന്നും അവർ അവകാശപ്പെട്ടു.

ഇസ്രയേലിൽ ഭരണപ്രതിസന്ധിയുണ്ടാകുമ്പോൾ യുദ്ധത്തിന്‌ തുടക്കമിടാൻ പലസ്‌തീൻ പ്രദേശത്ത്‌ ഇത്തരം ആക്രമണങ്ങൾ നടത്താറുണ്ട്‌. ഈ വർഷം രണ്ടുതവണ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയിട്ടും ആർക്കും ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നെതന്യാഹുവിന്‌ അധികാരം നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കാനാണ്‌ ആക്രമണം നടത്തിയത്‌ എന്നാണ്‌ സൂചന. തിങ്കളാഴ്‌ച യാസർ അറഫാത്തിന്റെ 15ാം ചരമവാർഷികത്തിൽ വെസ്‌റ്റ്‌ബാങ്കിൽ പ്രകടനം നടത്തിയ പലസ്‌തീൻകാരുടെ നേർക്ക്‌ ഇസ്രയേൽ സേന നടത്തിയ വെടിവയ്‌പിൽ ഒരു യുവാവ്‌ കൊല്ലപ്പെട്ടിരുന്നു.