നാട്ടിലൊരു പ്രാഥമികാരോഗ്യ കേന്ദ്രം വേണം; വീട് തന്നെ വിട്ട് നല്‍കി മാതൃകയായി യുവാവ്

നാട്ടില്‍ ഒരു പ്രാഥമിക ആരോഗ്യം കേന്ദ്രം തുടങ്ങുന്നതിനായി സ്വന്തം വീട് തന്നെ വിട്ടു നല്‍കി മാതൃകയായി യുവാവ്. പാനൂര്‍ കരിയാട് പുനത്തില്‍ രമേശനാണ് നാട്ടില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം ആരംഭിക്കുന്നതിനായി ഇരുനില വീട് വിട്ടു നല്‍കാന്‍ തയ്യാറായത്. പാനൂര്‍ കരിയാട് മേഖലയില്‍ ആരോഗ്യ വകുപ്പ് അര്‍ബന്‍ പിഎച്ച്‌സി അനുവദിച്ച് ഉത്തരവിട്ടിരുന്നെങ്കിലും പിഎച്ച്‌സി തുടങ്ങാന്‍ സ്ഥലം കണ്ടെത്താനായിരുന്നില്ല.

ഇതിനെത്തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പിഎച്ച്എസിക്കായി തന്റെ ഇരുനില കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് രമേശന്‍ അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള സമ്മത പത്രവും കെട്ടിട ഉടമസ്ഥാവകാശ രേഖകളും രമേശന്‍ ഉടന്‍ തന്നെ ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.

കരാറടിസ്ഥാനത്തില്‍ വീടുകളും കെട്ടിടങ്ങളും നിര്‍മിച്ച് നല്‍കുന്ന രമേശന്റെ പ്രധാന സമ്പാദ്യമായിരുന്നു ഈ വീട്. നിലവില്‍ മറ്റൊരു വീട്ടിലാണ് രമേശനും കുടുംബവും താമസിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന വീട് നാടിന് ഗുണമാകട്ടെ എന്ന് കരുതിയാണ് രമേശന്‍ വിട്ടു നല്‍കിയത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ സാന്നിധ്യവുമാണ് രമേശന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here