ഗാര്‍ഡില്ലാത്ത ട്രെയിനുകളുമായി റെയില്‍വേയുടെ പരീക്ഷണം. ഗാര്‍ഡുമാര്‍ക്ക് പകരം ഇഒടിടി (എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി) ഉപകരണം ഘടിപ്പിക്കും. 1000 ട്രെയിനുകളില്‍ ഇത് പരീക്ഷിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. 1000 ടെലിമെട്രി ഉപകരണങ്ങള്‍ വാങ്ങാന്‍ 100 കോടിയുടെ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. ഒന്നിന് 10 ലക്ഷത്തോളം രൂപ വില വരും.
ലോക്കോ പൈലറ്റിന്റെ കാബിനും അവസാന ബോഗിയിലെ ബ്രേക്ക് സംവിധാനവുമായി ബന്ധിപ്പിക്കുന്നതാണ് ഉപകരണം. ബോഗികള്‍ വേര്‍പെട്ടാല്‍ ഡ്രൈവര്‍ക്ക് ഉടന്‍ അറിയാനാകും. രണ്ടു യൂണിറ്റ് അടങ്ങിയതാണ് ഇഒടിടി. കാബ് ഡിസ്പ്ലേ യൂണിറ്റ് (സിഡിയു), സെന്‍സ് ആന്‍ഡ് ബ്രേക്ക് യൂണിറ്റ് (എസ്ബിയു) എന്നിവ. സിഡിയു എന്‍ജിനിലും എസ്ബിയു അവസാന കോച്ചിലെ ബ്രേക്ക് യൂണിറ്റിലും ഘടിപ്പിക്കും. രണ്ടു യൂണിറ്റിനെയും റേഡിയോ ട്രാന്‍സ്മിറ്ററുമായി ബന്ധിപ്പിക്കും.
ഈ സാമ്പത്തികവര്‍ഷംതന്നെ ഇവ ഘടിപ്പിച്ച് ട്രെയിന്‍ ഓടിക്കും. സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തി. യാത്രക്കാരന് അത്യാഹിതം സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഗാര്‍ഡുമാരാണ്.
ട്രെയിനിന്റെ ബ്രേക്ക് സംവിധാനം, മറ്റ് ബോഗികളിലെ തകരാറുകള്‍ തുടങ്ങിയവ പരിശോധിക്കാനുള്ള ചുമതലയുമുണ്ട്. യന്ത്രസംവിധാനത്തിന് ഇതെല്ലാം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.