കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെല്ലാം സിഎജി പരിശോധനയ്ക്കു വിധേയം ; ധനമന്ത്രി ടി എം തോമസ് ഐസക്

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെല്ലാം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി ആന്‍ഡ് എജി) ഓഡിറ്റിനു വിധേയമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ഇതിനകം രണ്ടു തവണ കിഫ്ബി കണക്കുകള്‍ സിഎജി ഓഡിറ്റ് ചെയ്തുകഴിഞ്ഞു. ഓഡിറ്റ് സമ്പൂര്‍ണവും സമഗ്രവുമാണ്. ഇത് സിഎജി വ്യക്തമാക്കിയിട്ടുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു.

വകുപ്പ് 14(1) പ്രകാരമുള്ള ഓഡിറ്റ് മൂന്ന് വ്യവസ്ഥകള്‍ക്കു വിധേയമാണ്. ഓഡിറ്റിന് തടസ്സമാകുന്ന ഒരു വ്യവസ്ഥയും കിഫ്ബി നിയമത്തിലോ മറ്റു നിയമങ്ങളിലോ ഇല്ല. കിഫ്ബി നിയമപ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് സിഎജിയുടെ വകുപ്പ് 14(1) പ്രകാരമുള്ള ഓഡിറ്റിന് വിഘാതമല്ല. ഇക്കാര്യം സിഎജിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രതികരണത്തില്‍ത്തന്നെ വ്യക്തമാക്കുന്നു. സ്ഥാപനത്തിന് സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ഉണ്ടെങ്കിലും വകുപ്പ് 14(1) പ്രകാരമുള്ള സിഎജി ഓഡിറ്റ് പരമോന്നതവും സമ്പൂര്‍ണവുമാണെന്ന് വ്യക്തം.

കിഫ്ബിക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ഗ്രാന്റ് അതിന്റെ ആകെ ചെലവിന്റെ 75 ശതമാനത്തേക്കാള്‍ ഏറെ താഴെയായാല്‍ 14(1)ന്റെ ഓഡിറ്റിന്റെ പരിധിയില്‍നിന്നും പുറത്തുപോകില്ലേ എന്ന പ്രതിപക്ഷ വാദം നിലനില്‍ക്കില്ല. വരുന്ന രണ്ടു വര്‍ഷം 14(1) പ്രകാരമുള്ള ഓഡിറ്റ് തടസ്സപ്പെടില്ല. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ വകുപ്പ് 14(2) പ്രകാരം സര്‍ക്കാരിന്റെ അനുമതിയോടെ ഓഡിറ്റ് നടത്താന്‍ സിഎജിയെ അധികാരപ്പെടുത്തുന്നുണ്ട്.

ഏതെങ്കിലും നിയമവ്യവസ്ഥ പ്രകാരം സിഎജി ഓഡിറ്റ് ബാധകമല്ലാത്ത സ്ഥാപനങ്ങളുടെ ഓഡിറ്റിനുവേണ്ടി സര്‍ക്കാരിനെ സമീപിക്കുന്നതിനുള്ള വകുപ്പാണ് 20(2). കിഫ്ബിയുടെ കാര്യത്തില്‍ 14(1) വകുപ്പ് പ്രകാരം സകല വരവു-ചെലവു കണക്കും സിഎജി ഓഡിറ്റിനു വിധേയമാണ്. അവര്‍ അത് ചെയ്യുന്നുമുണ്ട്. 20(2) കിഫ്ബിക്കു ബാധകമേയല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

നാഷണല്‍ ഡെയ്റി ഡെവലപ്മെന്റ് ബോര്‍ഡിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി വകുപ്പ്14(1) പ്രകാരമുള്ള ഓഡിറ്റിന്റെ സമഗ്രതയും സമ്പൂര്‍ണതയും വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പ് 14 പ്രകാരമുള്ള ഓഡിറ്റ്, 20 പ്രകാരമുള്ള ഓഡിറ്റിനേക്കാള്‍ വിപുലവും സമഗ്രവുമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

ഓഡിറ്റുമായി ബന്ധപ്പെടുത്തി സിഎജി സര്‍ക്കാരിന് എഴുതിയ കത്തിന് നിയമവ്യവസ്ഥകളും ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിട്ടുണ്ട്. സിഎജി ഓഡിറ്റിന് പരിധിയോ പരിമിതിയോ ഇല്ലെന്നും ഒരു തടസ്സവുമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പുതിയ കേന്ദ്ര കമ്പനി നിയമപ്രകാരം കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലിന് (കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) സിഎജി ഓഡിറ്റ് ബാധകമല്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

1956ലെ കമ്പനി നിയമത്തിലെ 619 (ബി) വ്യവസ്ഥ പ്രകാരം, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പറേഷനുകളുടെ ഓഹരിനിക്ഷേപം കണക്കാക്കിയാണ് ഒരു കമ്പനി സര്‍ക്കാര്‍ കമ്പനിയാണോയെന്ന് നിശ്ചയിച്ചിരുന്നത്. 2017ലെ പുതിയ കമ്പനി നിയമത്തില്‍ഇതിന് സമാനമായ വകുപ്പ് ചേര്‍ത്തിട്ടില്ല. ഇതുമൂലം സര്‍ക്കാരിന്റെ നേരിട്ടുള്ള ഓഹരിവിഹിതം 50 ശതമാനം ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ കമ്പനിയെന്ന ഗണത്തില്‍ ഒരു കമ്പനി പെടുകയുള്ളൂ. കിയാല്‍ ആ ഗണത്തില്‍ വരുന്നില്ല.

പുതിയ കമ്പനി നിയമത്തിലെ 139 (5) വകുപ്പ് പ്രകാരം സര്‍ക്കാരിനു നിയന്ത്രണമുള്ള കമ്പനികളിലും സിഎജി ഓഡിറ്റ് ബാധകമാണ്. കമ്പനിയില്‍ നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം സര്‍ക്കാരിന് ലഭ്യമാകുമ്പോഴാണ് സര്‍ക്കാര്‍ നിയന്ത്രണമെന്നത് കൈവരുന്നത്. കിയാലില്‍ ഇത് സാധുവല്ല–ധനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here