കേരളത്തിലെ റോഡ് നിര്‍മ്മാണത്തിന് ഇനി പുത്തന്‍ സാങ്കേതിക വിദ്യ ‘വൈറ്റ് ടോപ്പിംഗ്’

ബാംഗ്ലൂരില്‍ നടപ്പാക്കി വരുന്ന വൈറ്റ് ടോപ്പിംഗ് എന്നറിയപ്പെടുന്ന റോഡ് നിര്‍മ്മാണ സാങ്കേതികവിദ്യയാണ് കേരളത്തിലെക്ക് എത്തുന്നത്. ബാംഗ്ലൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള ‘ബ്രഹത് ബാംഗ്ലൂര്‍ മഹാനഗര പാലികെ’ (BBMP) നഗരത്തില്‍ നടപ്പിലാക്കുന്ന പ്രസ്തുത റോഡ് നിര്‍മ്മാണ രീതികളെക്കുറിച്ച് അവിടുത്തെ എഞ്ചിനീയര്‍മാരുമായി സംസാരിച്ച് മനസ്സിലാക്കുകയും റോഡുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-

കേരളത്തില്‍ എന്ത് കൊണ്ട് ഈ നിര്‍മ്മാണ രീതി നടത്തികൂടായെന്ന് ചിന്തിക്കുകയുണ്ടായി. കാരണം വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയിലുള്ള റോഡ് നിര്‍മ്മാണങ്ങള്‍ക്ക് 30 വര്‍ഷം വരെ ആയുസ്സ് ലഭിക്കും. (ഇടയ്ക്കുള്ള അറ്റകുറ്റപ്പണിയില്ലാതെ) എന്നാല്‍ ഇത് 1 കി.മീറ്ററിന് 10 കോടി രൂപയാണ് ചിലവ് (റോഡ് മൊത്തം പുനര്‍നിര്‍മ്മിക്കുന്നതിന്).

കേരളത്തിലെ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കി.മീറ്ററിന് ഒരു കോടി രൂപയാണ് ചിലവ് വരുന്നത്. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയാണ് റോഡിന്റെ കാലാവധി കണക്ക് കൂട്ടുന്നത്. വൈറ്റ് ടോപ്പിംഗിന് തുടക്കത്തില്‍ ചിലവ് കൂടുതലാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.എം & ബി.സി യെക്കാള്‍ ചിലവ് കൂടുതലല്ല എന്നാണ് മനസ്സിലാക്കുന്നത്.

കേരളത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലൈറ്റ് വൈറ്റ് ടോപ്പിംഗ് നിര്‍മ്മാണം നടത്തുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി ആദിത്യ ബിര്‍ല ഗ്രൂപ്പ് കമ്പനിയുടെ അധികൃതരുമായി ചര്‍ച്ച നടത്തി.

ലൈറ്റ് വൈറ്റ് ടോപ്പിംഗ് രീതിയിലുള്ള റോഡ് 20 വര്‍ഷത്തോളം കേടുപാടുകള്‍ സംഭവിക്കില്ലെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ലൈറ്റ് വൈറ്റ് ടോപ്പിംഗിന് ഒന്നേകാല്‍ കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. (നിലവിലെ റോഡിന്റെ ഉപരിതലം പൊളിച്ച് മാറ്റിയ ശേഷം 6ശരവ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യും).

ഈ സാങ്കേതിക വിദ്യയുപയോഗിച്ച് ചെയ്യുന്നിടങ്ങളില്‍ റോഡ് ചെയ്ത് ഒരാഴ്ചക്ക് ശേഷമെ വാഹന ഗതാഗതം നടത്താന്‍ സാധിക്കു. അതിനാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ 10 കി.മീറ്റര്‍ വീതം എടുത്ത് ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 1400 കി.മീറ്റര്‍ ചെയ്യാന്‍ 1800 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന കാഴ്ചപ്പാടോടുകൂടി മുന്നോട്ട് പോകുന്ന പൊതുമരാമത്ത് വകുപ്പ് കേരളത്തില്‍ ആദ്യമായി ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണങ്ങളും നടത്തി വിജയിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News