മാവോയിസ്റ്റ് ബന്ധം: യുവാക്കളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസില്‍ റിമാന്റില്‍ കഴിയുന്ന 2 യുവാക്കളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. പ്രതികളെ 5 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ്, കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ ചോദ്യം ചെയ്യാനായി 5 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്. കേസ് അന്വേഷിക്കുന്ന കോഴിക്കോട് സൗത്ത് എ സി പി, എ ജെ ബാബു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ്, പെന്‍ഡ്രൈവുകള്‍ എന്നിവയില്‍ നിന്ന് ഡി കോഡ് ചെയ്‌തെടുത്ത കൂടുതല്‍ വിവരങ്ങള്‍ കോടതിയില്‍ പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇവയെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതും യു എ പി എ ചുമത്തത്തക്കതുമാണെന്നാണ് പോലീസ് വാദം. പ്രതികളില്‍ നിന്ന്മഞ്ചക്കണ്ടി വെടിവെപ്പിന് തിരിച്ചടിക്കണമെന്ന കുറിപ്പ് ലഭിച്ചതായും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

കോഡ് ഭാഷയിലുള്ള കുറിപ്പുകളും മാവോയിസ്റ്റ് ഭരണഘടനയും താഹയുടെ ലാപ് ടോപ്പില്‍ നിന്ന് ലഭിച്ചെന്നും പോലീസ് പറയുന്നു. ബാനറുകളിലും രേഖകളിലും കണ്ടത് ഒരേ കയ്യക്ഷരമാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ചോദ്യം ചെയ്യല്‍ വേണമെന്നാണ് പോലീസ് ആവശ്യം. ഇരുവരുടേയും ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം വാദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News