മഹാരാഷ്ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ ഗവർണറുടെ തീരുമാനത്തോട് പ്രതികരിച്ച് മുംബൈ മലയാളികളും

മഹാരാഷ്ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയിൽ മുംബൈയിൽ സമ്മിശ്ര പ്രതികരണമാണ് ഉയർന്നിരിക്കുന്നത്. ഭൂരിഭാഗം പേരും ഗവർണർ എടുത്ത നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. മുംബൈയിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ മലയാളികൾ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

പാർലിമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ നിയമസഭയിലാണ് പാർട്ടിയോ പാർട്ടികളോ ഭൂരിപക്ഷം തെളിയിക്കേണ്ടതെന്നും അതിനുള്ള സാവകാശം കൊടുക്കേണ്ടത് ഗവർണറുടെ കടമയാണെന്നും മഹാരാഷ്ട്ര സി ഐ ടി യൂ മുൻ സെക്രട്ടറി പി ആർ കൃഷ്ണൻ അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയുടെ കാര്യത്തിൽ അതുണ്ടായില്ലെന്നും ബി ജെ പി യുടെ ആവശ്യപ്രകാരമുള്ള നടപടിയാണ് ഗവർണർ സ്വീകരിച്ചതെന്നും പി ആർ കൃഷ്ണൻ പറഞ്ഞു. ഗോവയിലും മണിപ്പൂരിലും കർണാടകത്തിലും ബി ജെ പി ഇതേ നയമാണ് കൈകൊണ്ടത്.

ഇത് ജനം മറന്നിട്ടില്ലെന്നും അതിന്റെ ഒരു ആവർത്തനം മാത്രമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എസ് ആർ ബൊമ്മെ കേസിൽ സുപ്രീം കോടതി വിധി ന്യായത്തിന് കടക വിരുദ്ധമായ നടപടിയാണിതെന്നും മുതിർന്ന തൊഴിലാളി നേതാവ് വ്യക്തമാക്കി.

ഗവർണർ ഭഗത് സിങ് കോഷ്യാരി രാഷ്ട്രപതി ഭരണത്തിന് തിടുക്കം കാണിച്ചത് ബി.ജെ. പി യെ സഹായിക്കുവാനാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയുവാൻ കഴിയില്ലന്നാണ് മഹാരാഷ്ട്രാ സംസ്ഥാന കോൺഗ്രസ് സെക്രട്ടറി ജോജോ തോമസിന്റെ പ്രതികരണം.

ഗവർണർ കീഴ് വഴക്കം അനുസരിച്ച് വിളിക്കേണ്ടിയിരുന്നതു ഭൂരിപക്ഷമുള്ള സഖ്യത്തെ ആയിരുന്നുവെന്നും ജോജോ ചൂണ്ടിക്കാട്ടി. ബി.ജെപി ക്ക് 18 ദിവസം സമയം അനുവദിച്ചപ്പോൾ ശിവസേനക്കും എൻ .സി പി ക്കും നൽകിയത് 24 മണിക്കൂർ മാത്രമാണെന്നും ഇരു പാർട്ടികളും കൂടുതെൽ സമയം ചോദിച്ചത് നിരസിക്കുക മാത്രമല്ല NCP ക്ക് അനുവദിച്ച സമയ പരുധി പാലിച്ചതുമില്ലെന്നും ജോജോ തോമസ് കുറ്റപ്പെടുത്തി.

ബി.ജെ പി – ശിവ സേനാ സഖ്യം പൊലിഞ്ഞപ്പോൾ നിലവിലുള്ള NCP കോൺഗ്രസ് സഖ്യത്തെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്നും ജോജോ പറഞ്ഞു. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയുവാൻ ഗവർണർ ബാധ്യസ്ഥനാണെന്നും ഗവർണർ ഓഫിസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാക്കിയതെന്നും ജോജോ തോമസ് പറഞ്ഞു.

മഹാരാഷ്ട്ര ഗവർണറുടെ തീരുമാനം അപലപനീയമാണെന്നാണ് മുംബൈയിലെ സാമൂഹിക പ്രവർത്തകനും ലോക കേരള സഭംഗവുമായ പ്രിൻസ് വൈദ്യൻ അഭിപ്രായപ്പെട്ടത്. ഭാരതീയ ജനതാ പാർട്ടിക്ക് അനുവദിച്ച സമയം പോലെ എല്ലാ രാഷ്ട്രീയ കക്ഷികളെയും പരിഗണിക്കേണ്ടതായിരുന്നുവെന്നും പ്രിൻസ് ചൂണ്ടിക്കാട്ടി.

ഒരു സർക്കാർ രൂപീകരിക്കുവാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു വന്നപ്പോൾ അതിനെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം അട്ടിമറിക്കുകയായിരുന്നുവെന്നും പ്രിൻസ് വൈദ്യൻ പറഞ്ഞു. മഹാരാഷ്ട്രയിലെ എന്നല്ല ഏതു സംസ്ഥാനത്തെ ഗവർണമാരായാലും രാജ്യത്തെ നിയമങ്ങൾ പാലിക്കേണ്ടത് ധാർമികമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ഇത്ര തിടുക്കത്തിൽ രാഷ്ടപതി ഭരണം ഏർപ്പെടുത്തിയ ഗവർണറുടെ രീതിയെ ശക്തിയായി അപലപിക്കുന്നുവെന്നാണ് ശിവസേന സൗത്ത് ഇന്ത്യൻ സെൽ നേതാവ് ശ്രീകാന്ത് നായർ പ്രതികരിച്ചത്.

ഭരണഘടനയുടെ 356 വകുപ്പ് പ്രയോഗിക്കാനുള്ള വിധം രാഷ്ട്രീയാനിശ്ചിതത്വം മഹാരാഷ്ട്രയിലുണ്ടായിരുന്നില്ലെന്നും ബി.ജെ.പി ഒഴികെയുള്ള മറ്റു പ്രധാന രാഷ്ട്രീയ കക്ഷികളായ ശിവസേന, NCP, കോൺഗ്രസ്സ് എന്നീ പാർട്ടികൾ ഒന്നായി തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ഗവർണർ ഭഗത് സിംഗ് കോഷ്യാരി രാഷ്ട്രപതി ഭരണമേർപ്പെടുത്തുവാനുള്ള ശുപാർശയുമായി വന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

ഇത് തികച്ചും ജനാധിപത്യവിരുദ്ധവും 356 വകുപ്പിന്റെ ലംഘനവുമാണ്. സർക്കാർ രൂപീകരണത്തിന് ബി .ജെ.പിക്ക് അനുവദിച്ചത്ര സമയം മാറ്റുപാർട്ടികൾക്ക് നൽകാതിരുന്നതിലൂടെ മനസ്സിലാകുന്നത് ബി.ജെ.പി.കേന്ദ്ര നേതൃത്വം തയ്യാറാക്കിയ തിരക്കഥ ഗവർണർ ആടി തീർക്കുകയായിരുന്നുവെന്നാണെന്നും ശ്രീകാന്ത് നായർ ആരോപിച്ചു.

സർക്കാർ ഉണ്ടാക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമങ്ങളെ തല്ലി തകർക്കുന്നതായിരുന്നു ഗവർണറുടെ നടപടിയെന്നും ജനവികാരവും ജനാധിപത്യ മര്യാദകളും പാലിക്കാത്ത ഗവർണറെ തിരിച്ചുവിളിക്കണമെന്നും ശ്രീകാന്ത് നായർ ആവശ്യപ്പെട്ടു.

പ്രഫുൽ പട്ടേൽ, ശരദ് പവാർ, അജിത് പവാർ എന്നിവർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ കേസുകൾ നിലവിലുള്ളതിനാൽ എൻ‌സി‌പി കടുത്ത സമ്മർദ്ദത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.

അത് കൊണ്ട് തന്നെ എൻ സി പി കടുത്ത വ്യവസ്ഥകളാകും ശിവസേനക്ക് മുന്നിൽ നിരത്തുക. എൻ‌സി‌പി ബിജെപി സർക്കാരിന്റെ സാദ്ധ്യതകൾ തള്ളിക്കളയാനാകില്ലെന്നും സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ശിവസേനയുടെ കണക്കുകൂട്ടലുകൾക്കാണ് വലിയ തിരിച്ചടിയായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News