പ്രളയ സഹായം; നഷ്ടപരിഹാര വിതരണം ത്വരിതഗതിയിലാക്കാൻ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകി മന്ത്രി ഇ പി ജയരാജൻ

സംസ്ഥാനത്തെ പ്രളയബാധിത വ്യവസായ സംരംഭങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള വായ്പയും നഷ്ടപരിഹാരവും വിതരണം ചെയ്യുന്നത് ത്വരിതഗതിയിലാക്കാൻ ബാങ്കുകൾക്ക് കർശനനിർദ്ദേശം നൽകിയതായി വ്യവസായ മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വ്യവസായ വകുപ്പിന്റെ പ്രളയസഹായ പദ്ധതിയായ ഉജ്ജീവന ഉൾപ്പെടയുള്ളവയിൽ വിവിധ ബാങ്കുകൾ വായ്പ അനുവദിക്കാതിരിക്കുകയും കാലതാമസം വരുത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബാങ്ക് മാനേജർമാരുടെയും സംരംഭകരുടെയും യോഗം നടത്തി. പിന്നീട് കളക്ടറുടെ സാനിധ്യത്തിൽ ജില്ലാതലത്തിലും ബാങ്കുകളുടെ യോഗം ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ഊർജിതമാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അര്‍ഹരായ പ്രളയ ദുരിതബാധിത സൂക്ഷ്മ – ചെറുകിട- ഇടത്തരം വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഉജ്ജീവന പദ്ധതി പ്രകാരമുള്ള അപേക്ഷകള്‍ അതാത് ബാങ്കുകളുടെ നിബന്ധനകള്‍ അനുസരിച്ച് അനുവദിക്കാനാണ് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി നിർദ്ദേശം നൽകിയത്.

കമ്മറ്റി പിന്നീട് ചേർന്ന പ്രത്യേക യോഗം സംസ്ഥാനത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഉടന്‍ നടപ്പിലാക്കേണ്ട പ്രളയ ദുരിതാശ്വാസ നടപടികള്‍ റിസര്‍വ് ബാങ്കിന്‍റെ നിബന്ധനകള്‍ക്ക് വിധേയമായി പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള വില്ലേജുകളിലെ അര്‍ഹരായ സംരഭകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കുവാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

ചെങ്ങന്നൂർ മണ്ഡലത്തിൽ മാത്രം 1027 സംരംഭങ്ങൾ പ്രളയബാധിതമാണെന്നും അതിൽ ഉജ്ജീവന പ്രകാരം വായ്പയെടുക്കുന്നതിനായി നൽകിയ 213 അപേക്ഷകളിൽ 88 എണ്ണത്തിൽ വായ്പ അനുവദിച്ചതായും മന്ത്രി പറഞ്ഞു . സിബിൽ സ്‌കോർ തൃപ്തികരമല്ല എന്ന കാരണത്താൽ ബാങ്കുകൾ വായ്പ നിഷേധിക്കുന്നത് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News