അറുപത്തി മൂന്നാമത് തൃശൂർ റവന്യൂ ജില്ലാ അത്‌ലറ്റിക് മീറ്റിൽ 227 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 24 സ്വർണ്ണവും 23 വെള്ളിയും 17 വെങ്കലവും നേടിയാണ് ഇരിങ്ങാലക്കുട ഉപജില്ല ചാമ്പ്യൻഷിപ് സ്വന്തമാക്കിയത്.

131 പോയിന്റുമായി 17 സ്വർണ്ണവും 7 വെള്ളിയും 10 വെങ്കലവും നേടി വലപ്പാട് ഉപജില്ല രണ്ടാം സ്ഥാനം സ്വന്തമാക്കി. 130.5 പോയിന്റുമായി 11 സ്വർണ്ണവും 15 വെള്ളിയും 11 വെങ്കലവും നേടി ചാലക്കുടി മൂന്നാം സ്ഥാനവും ആറു സ്വർണ്ണവും 16 വെള്ളിയും 16 വെങ്കലവുമായി 101 പോയിന്റോടെ തൃശ്ശൂർ ഈസ്റ്റ്‌ നാലാം സ്ഥാനവും സ്വന്തമാക്കി.

കാർമൽ ഹയർ സെക്കന്ററി സ്കൂൾ നടന്ന സമാപന സമ്മേളനം ബി ഡി ദേവസ്സി എം എൽ എ ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺ മുഖ്യാതിഥിയായി. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ ആർ സുരേഷ് വിജയികൾക്ക് സമ്മാനദാനം നടത്തി.

ഇരിങ്ങാലക്കുട ഡി ഇ ഒ ഇ. അബ്‌ദുൾ റസാക്ക്, തൃശൂർ ഈസ്റ്റ്‌ എ ഇ ഒ ബാലകൃഷ്ണൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ വി വി ശശി തുടങ്ങിയവർ ആശംസകൾ നേർന്നു. സ്പോർട്സ് കോർഡിനേറ്റർ എ എസ് മിഥുൻ സ്വാഗതവും ആർ ഡി എസ് ജി എ സെക്രട്ടറി സിജു വി ജോൺ നന്ദിയും പറഞ്ഞു.