സിപിഐ എം വയനാട്‌ മുൻ ജില്ലാ സെക്രട്ടറി എം വേലായുധൻ അന്തരിച്ചു

സിപിഐ എം വയനാട്‌ ജില്ലാ കമ്മിറ്റിയംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ എം വേലായുധൻ (71) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്‌ച വൈകിട്ട്‌ 6.30 ഓടെ വൈത്തിരിയിലെ ഗുഡ്‌ ഷെപ്പേർഡ്‌ ആശുപത്രിയിലാണ്‌ അന്ത്യം.

2016 ആഗസ്‌തിൽ ജില്ലാ സെക്രട്ടറിയായ വേലായുധൻ കഴിഞ്ഞ സമ്മേളനകാലംവരെ തുടർന്നു. രോഗബാധിതനായതിനെ തുടർന്ന്‌ സെക്രട്ടറിയുടെ ചുമതല ഒഴിയുകയായിരുന്നു. വയനാട്ടിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ചവരിൽ ഒരാളാണ്‌.

ദീർഘകാലം കർഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും ആദിവാസികളെയും സംഘടിപ്പിച്ചാണ്‌ പൊതുരംഗത്തേക്ക്‌ വന്നത്‌. 1967ൽ പാർടി അംഗമായി. സിപിഐ എം കോട്ടത്തറ ബ്രാഞ്ച്‌ സെക്രട്ടറി, ലോക്കൽ സെക്രട്ടറി, കൽപ്പറ്റ ഏരിയാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 1995 മുതൽ ജില്ലാ കമ്മിറ്റിയംഗമായി. പിന്നീട്‌ സെക്രട്ടറിയറ്റ്‌ അംഗമായി. 30 വർഷത്തോളം ബാലസംഘത്തിന്റെ ജില്ലാ രക്ഷാധികാരിയായിരുന്നു.

മികച്ച സഹകാരികൂടിയായ വേലായുധൻ നിരവധി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വം വഹിച്ചു. നിലവിൽ കൽപ്പറ്റ ഡ്രൈവേഴ്‌സ്‌ കോ‐ഓപറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റാണ്‌. രണ്ടുതവണ വൈത്തിരി കാർഷിക വികസന ബാങ്ക്‌ പ്രസിഡന്റായി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ കെ ജി ഭവനിൽ പൊതുദർശനത്തിനുവച്ച മൃതദേഹം വ്യാഴാഴ്‌ച പകൽ 12ന്‌ കോട്ടത്തറയിലെ നായനാർ സ്‌മാരക ഹാളിലേക്ക്‌ കൊണ്ടുപോകും.

അവിടെ പൊതുദർശനത്തിനുശേഷം മൂന്നോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. കോട്ടത്തറയിലെ മന്ദലത്ത്‌ ഉക്കണ്ടൻ നായരുടെയും ചെറൂണിക്കുട്ടിയമ്മയുടെയും മകനായി 1948 ജൂൺ എട്ടിനാണ്‌ ജനനം. ഭാര്യ: യശോദ. മക്കൾ: ആശ (വയനാട്‌ ജില്ലാ സഹകരണ ബാങ്ക്‌), അജിത്‌പാൽ. മരുമക്കൾ: ബിനു, ശ്രീജ. സഹോദരങ്ങൾ: ബാലഗോപാലൻ (ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി), മാളുഅമ്മ, പത്മാവതിയമ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News