ഐഐടി വിദ്യാർഥിനിയുടെ മരണം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി ഡിവൈഎഫ്‌ഐ

മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം ഏറ്റെടുക്കുമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് എന്നിവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മരണത്തിൽ സിബിഐ അന്വേഷണം വേണം. ഫാത്തിമയുടെ കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ 173ൽ കീലോൻതറയിൽ വീട്ടിലെത്തി രക്ഷാകർത്താക്കളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു നേതാക്കൾ.

കേരളത്തിന് അഭിമാനമാകേണ്ട അതുല്യപ്രതിഭയായ ഫാത്തിമ വംശീയ അധിക്ഷേപത്തിന്‌ ഇരയായിട്ടുണ്ട്‌. ഇത്തരം മാനസിക സമ്മർദങ്ങളിൽപ്പെട്ട് വിദ്യാർഥിയുടെ പേര് മാറ്റാൻപോലും മാതാപിതാക്കൾക്ക്‌ ആലോചിക്കേണ്ടിവന്നു. രാജ്യത്തെ പ്രശസ്തമായ ഐഐടിയിൽ മതവിവേചനവും വംശീയ വേർതിരിവും നിലനിൽക്കുന്നുവെന്നത് അതീവ ഗൗരവമുള്ളതാണ്‌. കൃത്യമായ അന്വേഷണം നടക്കാത്തതിനാൽ നീതി ലഭിക്കാത്ത അവസ്ഥയാണ്.

പ്രശ്നം ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും തമിഴ്നാട് ഘടകവും അറിയിച്ചിട്ടുണ്ട്. ക്യാമ്പസുകളിലും വിഷയം ചർച്ചചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. സംഭവം സംബന്ധിച്ച്‌ തമിഴ്നാട് പൊലീസിന്റെയും സ്ഥാപനാധികാരികളുടെ ഭാഗത്തുനിന്ന്‌ ഗൗരവമായ സമീപനമുണ്ടായിട്ടില്ല. ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ല.

തമിഴ്‌നാട്‌ പൊലീസിൽനിന്ന്‌ ന്യായമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. സംഭവം സംബന്ധിച്ച്‌ സമഗ്ര അന്വേഷണത്തിന്‌ തമിഴ്‌നാട്‌ സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ ഡിവൈഎഫ്‌ഐ നിവേദനം നൽകിയതായി റഹിം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News