ശബരിമല സ്ത്രീപ്രവേശനം: പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി അല്‍പസമയത്തിനുള്ളില്‍; ഹര്‍ജികള്‍ തള്ളുകയോ അനുവദിക്കുകയോ വിശാലബെഞ്ചിന് വിടുകയോ ചെയ്യാം

ദില്ലി: ശബരിമലയിൽ യുവതികൾക്ക്‌ പ്രവേശം അനുവദിച്ചതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ അനുവദിക്കണോ എന്ന വിഷയത്തിൽ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വ്യാഴാഴ്‌ച പകൽ 10.30ന്‌ വിധി പറയും.

2018 സെപ്‌തംബർ 29നാണ്‌ ശബരിമലയിൽ സ്‌ത്രീപ്രവേശം അനുവദിച്ച്‌ അന്ന്‌ ചീഫ്‌ജസ്‌റ്റിസായിരുന്ന ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ ആർ എഫ്‌ നരിമാൻ, എ എൻ ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്‌, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌.

ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര മാത്രം വിയോജിച്ചപ്പോൾ നാല്‌ ജഡ്‌ജിമാരും സ്‌ത്രീപ്രവേശത്തെ അനുകൂലിച്ചു. വിധിക്കെതിരെ 56 പുനഃപരിശോധനാ ഹർജികളും നാല്‌ റിട്ട്‌ ഹർജികളുമാണ്‌ സമർപ്പിച്ചത്. ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര വിരമിച്ചതിനെ തുടർന്ന്‌ പുതിയ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അഞ്ചംഗ ബെഞ്ചിൽ ഉൾപ്പെട്ടു.

മറ്റ്‌ ജഡ്‌ജിമാർക്ക്‌ മാറ്റമില്ല. തുറന്ന കോടതിയിൽ ഫെബ്രുവരി ആറിന്‌ വാദംകേട്ട ശേഷം വിധിപറയാൻ മാറ്റുകയായിരുന്നു. പന്തളം രാജകുടുംബം, ക്ഷേത്രം തന്ത്രി, എൻഎസ്‌എസ്‌ തുടങ്ങിയവരാണ്‌ ഹർജി നൽകിയത്‌.

ഹർജികൾ അനുവദിക്കുകയോ തള്ളുകയോ എന്നതിനൊപ്പം വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടാനുള്ള സാധ്യതയുമുണ്ട്‌. ഹർജികൾ അനുവദിച്ചാൽ ശബരിമലയിൽ 10നും അമ്പതിനും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്ക്‌ പ്രവേശം നിഷേധിക്കപ്പെടും.

ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിക്കുന്നുവെന്നും ആചാരലംഘനം നടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മഹേന്ദ്രൻ എന്നയാൾ ഹൈക്കോടതിക്ക്‌ അയച്ച കത്താണ്‌ മൂന്ന്‌ പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന്‌ തുടക്കംകുറിച്ചത്‌.

കത്ത്‌ പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ച ഹൈക്കോടതി സ്‌ത്രീപ്രവേശം പൂർണമായി വിലക്കി 1991 ഏപ്രിൽ അഞ്ചിന്‌ ഉത്തരവിട്ടു.

ഇതിനെതിരെ സംഘപരിവാർ അനുകൂലികളായ ഡൽഹിയിലെ ഏതാനും അഭിഭാഷകർ 2006ൽ സമർപ്പിച്ച ഹർജിയിലാണ്‌ പ്രായഭേദമെന്യേ സ്‌ത്രീകൾക്ക്‌ പ്രവേശം അനുവദിച്ച്‌ സുപ്രീംകോടതി വിധി പ്രസ്‌താവിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News