ശബരിമല സ്ത്രീപ്രവേശനം വിധിപറയുക ഇവര്‍; ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം

ഏറെ കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ സെപ്തംബര്‍ 28 ന് ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് തീരുമാനമെടുത്തത്.

ഒന്നിനെതിരെ നാല് പേരുടെ യോജിപ്പോടെയാണ് ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് വിധിവന്നത്. ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമല്‍ഹോത്രമാത്രമാണ് അന്ന് സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് വിധിയെഴുതിയത്.

സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിവന്ന് 14 മാസം പിന്നിടുമ്പോള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഖൊഖോയ് മാത്രമാണ് പുതിയ അംഗം.

നേരത്തെ ഉണ്ടായിരുന്ന നാല് അംഗങ്ങളില്‍ ഡിവൈ ചന്ദ്രചൂഡ്, ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു.

പുതിയ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുകയാണെങ്കില്‍ നേരത്തെയുള്ളതുപോലെ നാല് ഒന്ന് എന്ന നിലയില്‍ തന്നെ വിധി നിലനില്‍ക്കുകയും എതിര്‍ക്കുകയാണെങ്കില്‍ മൂന്ന് രണ്ട് എന്ന നിലയിലാവുകയും ചെയ്യും.

പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി പരിഗണിക്കാവുന്ന സാധ്യതകള്‍ ഇവയൊക്കെയാണ്

പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളുകയാണെങ്കില്‍ ശബരിമലയിലെ നിയമപോരാട്ടം ഏതാണ്ട് പൂര്‍ണമായും അവസാനിച്ചതായി പറയാം. തിരുത്തല്‍ ഹര്‍ജിയെന്ന വിദൂര സാധ്യതമാത്രമാണ് പിന്നെ നിലനില്‍ക്കുന്നത്.

പുനഃപരിശോധനാ ഹര്‍ജികള്‍ അംഗീകരിക്കുകയാണെങ്കില്‍ ശബരിമല വീണ്ടും നിയപോരാട്ടങ്ങളുടെ ഭാഗമാവും.

ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടുകയാണെങ്കില്‍ നിലവിലെ വിധി സ്‌റ്റേചെയ്തുകൊണ്ടും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടുകൊണ്ടും പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടാം.

അങ്ങനെയെങ്കില്‍ കേസ് ഏഴംഗബെഞ്ച് കേള്‍ക്കും വിശാലബെഞ്ച് കേസ് കേള്‍ക്കുകയാണെങ്കില്‍ കക്ഷികള്‍ക്ക് അവരുടെ വാദങ്ങള്‍ വീണ്ടും കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും.

കേസ് വിശാല ബഞ്ചിലേക്ക് വിട്ടാല്‍ നേരത്തെയുള്ള വിധി സുപ്രീം കോടതി ചിലപ്പോള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചേക്കും. അതുമല്ലെങ്കില്‍ തല്‍സ്ഥിതി (സ്റ്റാറ്റസ്‌കോ) തുടരാന്‍ നിര്‍ദേശിക്കും.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബഞ്ച് വിധി റദ്ദാക്കാത്ത സാഹചര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ യുവതീ പ്രവേശനം തുടരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News