
ദില്ലി: ശബരിമല കേസിലെ റിവ്യു ഹര്‍ജികളില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിന് വിടാന്‍ സുപ്രീംകോടതി വിധി.
സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. റിവ്യു ഹര്‍ജികള്‍ ആ ബെഞ്ചിന്റെ വിധിയ്ക്ക് ശേഷം പരിഗണിയ്ക്കും. നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഏഴു കാര്യങ്ങള്‍ ആണ് വിശാല ബെഞ്ചിന് വിട്ടത്. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടന അനുഛേദങ്ങളുടെ പരസ്പര ബന്ധം, പൊതുക്രമം, ധാര്‍മികത എന്നിവയുടെ വ്യാഖ്യാനം, ഭരണഘടന ധാര്‍മികതയുടെ കീഴില്‍ വരുന്നത് എന്തൊക്കെ, മതാചാരം എന്തെന്ന് കോടതി നിര്‍ണയിക്കേണ്ടതുണ്ടോ? അതോ മതമേധാവികള്‍ക്ക് വിടണോ? അഭിവാജ്യ മതാചാരത്തിന് ഭരണഘടനയുടെ പരിരക്ഷയുണ്ടോ? വിഷയത്തില്‍ ബന്ധമില്ലാത്തവരുടെ ഹര്‍ജി പരിഗണിക്കണോ? എന്നിവയാണ് വിശാലബെഞ്ചിന് വിട്ടത്.
ദര്‍ഗകളിലും മോസ്‌കുകളിലും മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചും പാഴ്സികള്‍ അല്ലാത്തവരെ വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകളുടെ ആരാധനാവകാശം സംബന്ധിച്ചും ദാവൂദി ബൊഹുറ സമുദായത്തിലെ പെണ്‍കുട്ടികളെ മതാചാരത്തിന്റെ ഭാഗമായി ചേലാകര്‍മം ചൈയ്യുന്നത് സംബന്ധിച്ച വിഷയത്തിലും സമാനമായ പ്രശ്നങ്ങള്‍ ഉണ്ട്. ആ വിഷയങ്ങളിലും തീരുമാനമാകുന്നതിനായി അവയും വിശാല ബെഞ്ച് പരിഗണിക്കും.
2018 സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ 56 പുനപരിശോധന ഹര്‍ജികളിലാണ് ഇന്ന് തീരുമാനമെടുത്തത്.
ബെഞ്ചിലെ രണ്ടിനെതിരെ മൂന്ന് പേരുടെ ഭൂരിപക്ഷ വിധിയാണ് വന്നത്. ഹര്‍ജികളില്‍ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായത്. അഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോള്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, റോഹിന്റന്‍ നരിമാന്‍ എന്നിവര്‍ വിയോജന വിധിയാണ് എഴുതിയത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ എന്നിവരുടെ വിധിയാണ് ആദ്യം വായിച്ചത്.
പുനഃപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം സമാനമായ മറ്റ് ഹര്‍ജികളും കിട്ടിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശവും മുസ്ലീം പാഴ്‌സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹര്‍ജികളും ഇനി വിശാല ബെഞ്ചിന്റെ പരിഗണനയിലായിരിക്കും. ഒരേ മതത്തിലെ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
2018 സെപ്തംബര്‍ 29നാണ് ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച് അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എന്‍ ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രം വിയോജിച്ചപ്പോള്‍ നാല് ജഡ്ജിമാരും സ്ത്രീപ്രവേശത്തെ അനുകൂലിച്ചു. വിധിക്കെതിരെ 56 പുനഃപരിശോധനാ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് സമര്‍പ്പിച്ചത്.
ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനെ തുടര്‍ന്ന് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അഞ്ചംഗ ബെഞ്ചില്‍ ഉള്‍പ്പെട്ടു. തുറന്ന കോടതിയില്‍ ഫെബ്രുവരി ആറിന് വാദംകേട്ട ശേഷം വിധിപറയാന്‍ മാറ്റുകയായിരുന്നു. പന്തളം രാജകുടുംബം, ക്ഷേത്രം തന്ത്രി, എന്‍എസ്എസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്.
”ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം”
ശബരിമല കേസ് വിശാലബെഞ്ചിന് വിടാനുള്ളത് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് അഭിപ്രായമെടുത്തു.
എന്നാല്‍ മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആര്‍ എഫ് നരിമാനും, ഡി വൈ ചന്ദ്രചൂഢും പറഞ്ഞു. എല്ലാ ഹര്‍ജികളും തള്ളിക്കളയണമെന്ന് ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടു.
യുവതീപ്രവേശനം അനുവദിച്ചുള്ള വിധിയിന്മേല്‍ നടന്ന അക്രമസംഭവങ്ങളും നരിമാന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം ഈ ബെഞ്ചിന് വിടരുതെന്നും രണ്ട് വിഷയങ്ങളും കൂട്ടിക്കുഴയ്ക്കരുതെന്നും നരിമാന്‍ പറഞ്ഞു.
ജീവശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് സ്ത്രീകളെ ആരാധനാലയങ്ങളില്‍നിന്ന് വിലക്കരുതെന്നായിരുന്നു യഥാര്‍ത്ഥ വിധി. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ വ്യാപകമായ അക്രമങ്ങളും ലംഘനങ്ങളും നടന്നു. ഇതിനോട് ശക്തമായി വിയോജിക്കുന്നതായും നരിമാന്‍ പറഞ്ഞു.
കോടതി വിധിയോട് നിയമപരമായി വിയോജിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ സംഘടിതമായി അത് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് പറയുന്നത് അനുവദിക്കാനാവില്ല. ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം. സുപ്രീംകോടതി ഒരു വിധി പറഞ്ഞാല്‍ അത് അന്തിമമാണെന്നും നരിമാന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here