ശക്തമായി വിയോജിച്ച് ജസ്റ്റിസുമാരായ നരിമാനും ചന്ദ്രചൂഡും: ”ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം”

ദില്ലി: ശബരിമല കേസ് വിശാലബെഞ്ചിന് വിടാനുള്ളത് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് അഭിപ്രായമെടുത്തു.

എന്നാല്‍ മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആര്‍ എഫ് നരിമാനും, ഡി വൈ ചന്ദ്രചൂഢും പറഞ്ഞു. എല്ലാ ഹര്‍ജികളും തള്ളിക്കളയണമെന്ന് ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടു.

യുവതീപ്രവേശനം അനുവദിച്ചുള്ള വിധിയിന്മേല്‍ നടന്ന അക്രമസംഭവങ്ങളും നരിമാന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം ഈ ബെഞ്ചിന് വിടരുതെന്നും രണ്ട് വിഷയങ്ങളും കൂട്ടിക്കുഴയ്ക്കരുതെന്നും നരിമാന്‍ പറഞ്ഞു.

ജീവശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് സ്ത്രീകളെ ആരാധനാലയങ്ങളില്‍നിന്ന് വിലക്കരുതെന്നായിരുന്നു യഥാര്‍ത്ഥ വിധി. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ വ്യാപകമായ അക്രമങ്ങളും ലംഘനങ്ങളും നടന്നു. ഇതിനോട് ശക്തമായി വിയോജിക്കുന്നതായും നരിമാന്‍ പറഞ്ഞു.

കോടതി വിധിയോട് നിയമപരമായി വിയോജിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ സംഘടിതമായി അത് നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് പറയുന്നത് അനുവദിക്കാനാവില്ല. ഭരണഘടനയാണ് വിശുദ്ധഗ്രന്ഥം. സുപ്രീംകോടതി ഒരു വിധി പറഞ്ഞാല്‍ അത് അന്തിമമാണെന്നും നരിമാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here