ശബരിമല: ഹര്‍ജികളില്‍ പുനഃപരിശോധന സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല; വിധി ഒറ്റനോട്ടത്തില്‍..!

ശബരിമല സ്ത്രീപ്രവേശന ഹര്‍ജികളില്‍ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോള്‍ ഇവ തീര്‍പ്പ് കല്പിക്കാതെ അഞ്ചംഗ ബഞ്ച് തന്നെ പിന്നീട് പരിഗണിക്കട്ടെയെന്ന് നിശ്ചയിച്ചിരിക്കുകയാണ്.

മുസ്‌ളീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകള്‍ക്കുള്ള വിലക്ക്, ദാവൂദി ബോറകള്‍ക്ക് ഇടയിലെ ചേലാകര്‍മ്മം എന്നീ വിഷയങ്ങളില്‍ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്നാണ് കോടതി കണ്ടെത്തല്‍.

ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിലവിലെ ബെഞ്ചുകള്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയുള്ള ഏഴു വിഷയങ്ങള്‍ കോടതി അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, തുല്യത എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ ചോദ്യങ്ങള്‍.

ശിരൂര്‍ മഠവുമായി ബന്ധപ്പെട്ട കേസില്‍ ഓരോ മതവിഭാഗത്തിനും അവരുടെ അനിവാര്യ ആചാരങ്ങള്‍ നിശ്ചയിക്കാം എന്നു ഏഴംഗ ബഞ്ച് നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള അജ്മീര്‍ ദര്‍ഗ കേസിലെ അഞ്ചംഗ ബഞ്ച് വിധിയുടെ പശ്ചാത്തലത്തിലും ആചാരങ്ങള്‍ കോടതി തീരുമാനിക്കണോ എന്നതില്‍ ഭിന്നതകളുണ്ട്, അതുകൊണ്ട് ഇക്കാര്യം വിശാല ബഞ്ച് പരിശോധിക്കേണ്ടതായുണ്ട്.

1965ലെ ഹിന്ദു ആരാധനാലയ ചട്ടം ശബരിമലയ്ക്ക് ബാധകമാകുമോ എന്നും വിശാല ബെഞ്ചിന് പരിശോധിക്കാം. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് വീണ്ടും വാദത്തിന് അവസരം നല്‍കണമോ എന്നു വിശാലബെഞ്ചിന് പരിശോധിക്കാം.

ചീഫ് ജസ്റ്റിസ് രൂപം നല്‍കാന്‍ സാധ്യതയുള്ള വിശാല ബഞ്ച് ഈ വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നത് വരെയാണ് ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരായ പുനപരിശോധന, റിട്ട് ഹര്‍ജികള്‍ തീര്‍പ്പാക്കാതെ തുടരുക.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരുടേതാണ് മേല്‍പറഞ്ഞ ഭൂരിപക്ഷ വിധി. യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തതായി ഭൂരിപക്ഷ വിധിയില്‍ ഇല്ല. ഭൂരിപക്ഷ വിധിയോട് വിയോജിച്ചു ജസ്റ്റിസ്മാരായ ഡി. വൈ ചന്ദ്രചൂഡും ആര്‍.എഫ് നരിമാനും.

ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്ന് ന്യൂനപക്ഷ വിധി. പരമോന്നത കോടതിയുടെ വിധിയെ വിമര്‍ശിക്കാം. പക്ഷെ വിധിയെ ധ്വംസിക്കുന്നതും അതിന് ആള്‍ക്കാരെ പ്രേരിപ്പിക്കുന്നതും അംഗീകരിക്കാന്‍ ആകില്ലെന്നും ന്യൂനപക്ഷ വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here