തരിയോടിലെ പ്രധാന വിദേശ താരങ്ങളുടെ പേരുകൾ പുറത്തുവിട്ടു

പത്തോന്പതാം നൂറ്റാണ്ടിൽ മലബാറിൽ നടന്നിരുന്ന സ്വർണ്ണഖനനത്തിന്റെ ചരിത്രം സിനിമയാകുന്നു എന്ന വാർത്ത മുൻപേ പുറത്തുവന്നിരുന്നു.

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും പ്രധാന വിദേശ താരങ്ങളുടെ പേരുകളും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിയ്‌ക്കുന്നു. ബ്രിട്ടീഷ്- ആസ്ട്രേലിയൻ നടനായ ബിൽ ഹാച്ചൻസ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുമെന്ന വാർത്തകൾ ആദ്യമേ വന്നിരുന്നു.

“തരിയോട്: ദി ലോസ്റ്റ് സിറ്റി” എന്ന് പേരിട്ടിരിയ്‌ക്കുന്ന ഈ ചിത്രത്തിൽ ബില്ലിനു പുറമെ ഇംഗ്ലീഷ് താരങ്ങളായ ലൂയിങ് ആൻഡ്രൂസ്, അലക്സ് ഓ നെൽ, കോർട്ട്നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടൻ ബേൺ തുടങ്ങിയവരും അഭിനയിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിയ്‌ക്കുന്നത്.

ദി ഹ്യൂമൻ സെന്റിപേഡ്, സെയിന്റ് ഡ്രാക്കുള, യുവർ ഫ്ലെഷ് യുവർ കസ്, റൺ എവേ വിത്ത് മീ തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ബിൽ ഹച്ചൻസ്. ലൂയിങ് ആൻഡ്രൂസ് ഹോളിവുഡ് സൂപ്പർ താരം ടോം ഹാർഡിയുടെ കൂടെ ബ്രോൺസൺ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്.

കൂടാതെ ദി ഓസ്‌ഫോർഡ് മർഡേർസ്, ദി ഹെവി, ആർതർ ന്യൂമാൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഉറുമി, മദ്രാസ്സപ്പട്ടണം, ഇൻസൈറ്റ് എഡ്‌ജ്‌, മെയിൻ ഔർ ചാൾസ് തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനാണ് അലക്സ് ഓ നെൽ.

ഹോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമായ ജോൺ വിക്കിൽ അഭിനയിച്ച കോർട്ട്നി സനെല്ലോ; ബ്ലൂം, ട്വിസ്റ്റഡ് ഹിബിസ്ക്യൂസ്‌ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഡാർക്ക് സിഗ്നൽ, അബ്ഡ്ക്ഷൻ, എയ്റ്റിഷ് തുടങ്ങിയ ചിത്രങ്ങളിൽ അമേലി ലെറോയ് അഭിനയിച്ചിട്ടുണ്ട്. സൂപ്പർമാൻ റിട്ടേൺസ്, ബ്ലീഡിങ് സ്റ്റീൽ, അക്വാമാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയാണ് ബ്രണ്ടൻ ബേൺ.

ചിത്രത്തിലെ ഇന്ത്യൻ താരങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. 2021 അവസാനത്തോടെ ചിത്രം തുടങ്ങുമെന്നാണ് ഇപ്പോൾ വന്നിരിയ്‌ക്കുന്ന റിപ്പോർട്ടുകൾ.

ഇതേ പശ്ച്ചാത്തലത്തിൽ നിർമൽ സംവിധാനം ചെയ്യുന്ന “തരിയോട്” എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. ഡോക്യുമെന്ററി ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here