രാജ്യത്ത് നടക്കുന്നത് ഹിന്ദുത്വ-കോര്‍പറേറ്റ് ഐക്യ ഭരണം; ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോദിയുടെ മുദ്രാവാക്യം: യെച്ചൂരി

രാജ്യത്ത്‌ ഹിന്ദുത്വ –കോർപറേറ്റ്‌ ഐക്യ ഭരണമാണ്‌ നടക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ജയ്‌ഹിന്ദല്ല ജിയോഹിന്ദാണ്‌ മോഡിയുടെ മുദ്രാവാക്യം. ജനാധിപത്യാവകാശം നിഷേധിച്ചും -ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലമാക്കിയും ഹിന്ദുത്വരാഷ്‌ട്ര നിർമിതിക്കായുള്ള തീവ്രശ്രമത്തിലാണ്‌ കേന്ദ്രസർക്കാർ.

അതിവേഗം നടപ്പാക്കുന്ന കോർപറേറ്റ്‌–- ഹിന്ദുത്വ അജൻഡയും വലതുപക്ഷവൽക്കരണവും എതിർക്കാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്നും യെച്ചൂരി പറഞ്ഞു. – കമ്യൂണിസ്‌റ്റ്‌ പാർടി നൂറാംവാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിനു മുമ്പ്‌ ആർഎസ്‌എസ്‌ പ്രഖ്യാപിച്ചതാണ്‌ ഹിന്ദുരാഷ്‌ട്രമെന്ന ലക്ഷ്യം. ഹിന്ദു–-മുസ്ലിം രാഷ്‌ട്രവാദത്തെ അന്നും ശക്തമായി എതിർത്തത്‌ കമ്യൂണിസ്‌റ്റ്‌ പാർടിയാണ്‌. രാഷ്‌ട്രീയത്തിൽ മതത്തിന്‌ സ്ഥാനമില്ലെന്നതാണ്‌ മതേതരത്വത്തിന്റെ സവിശേഷത.

ഇത്‌ കൃത്യമായി നിർവചിച്ചതും ഈ ആശയത്തെ ശക്തിപ്പെടുത്തിയതും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനമായിരുന്നു. സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തികാടിമത്തത്തിൽ നിന്നുള്ള വിമോചനം, ഭാഷാസംസ്ഥാന രൂപീകരണം, ഭൂപരിഷ്‌കരണം തുടങ്ങിയ നിലപാടുകളും മുന്നോട്ടുവച്ചു.

വൈവിധ്യങ്ങളെ ചേർത്ത്‌ ആധുനിക ഭാരതത്തിന്റെ രൂപരേഖ നിർമിക്കുന്നതിൽ കമ്യൂണിസ്‌റ്റ്‌ പാർടി വലിയ സംഭാവന നൽകി.

വർഗീയതയെ നിശിതമായി എതിർത്തുള്ള ആശയസമരം രൂപപ്പെടുത്തി. ഈ ആശയപോരാട്ടം ഭയക്കുന്നതിനാലാണ്‌ ആർഎസ്‌എസ്‌ ഇന്നും മുഖ്യശത്രുവായി കമ്യൂണിസ്‌റ്റ്‌ പാർടിയെ കാണുന്നതും ലക്ഷ്യമിടുന്നതും.

എല്ലാവിധ വൈവിധ്യങ്ങളെയും അവരിന്ന്‌ നശിപ്പിക്കുകയാണ്‌. ഒരു രാഷ്‌ട്രം, ഒരു നേതാവ്‌, ഒരു സംസ്‌കാരം, ഒരു നിയമം എന്ന മുദ്രാവാക്യങ്ങൾ ഇതിന്റെ ഭാഗമാണ്‌. ഭരണകൂടം ഒറ്റ മതവിഭാഗത്തിന്റെതാക്കി മാറ്റുകയാണ്‌. പൗരാവകാശങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ജുഡീഷ്യറി എല്ലാത്തിനെയും കൈയടക്കുന്നു.

കശ്‌മീരിൽ ജനാധിപത്യം തടവിലായിട്ട്‌ നൂറുദിവസത്തിലധികമായി. കരിനിയമങ്ങൾ തുടർച്ചയായി വരുന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കിയാണ്‌ നിയമങ്ങൾ നടപ്പാക്കുന്നത്‌. പൗരത്വത്തിന്റെ പേരിൽ മുസ്ലിങ്ങളെ പുറത്തുനിർത്തുന്നു.

ഏതൊരാളെയും ഭീകരനെന്നും അർബൻ നക്‌സലെന്നും മുദ്രകുത്തി അറസ്‌റ്റിലിടുന്ന സാഹചര്യമാണ്‌. കുറ്റവാളിയല്ലെന്ന്‌ അറസ്‌റ്റിലാകുന്നവൻ തെളിയിക്കണമെന്ന വിധത്തിൽ നിയമം മാറ്റുന്നു.

രാഷ്‌ട്രീയ–ജനാധിപത്യാവകാശങ്ങൾ മാത്രമല്ല വ്യക്തിസ്വാതന്ത്ര്യമടക്കം കവരുകയാണ്‌. സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങൾ ഇല്ലാതാക്കിയാണ്‌ യുഎപിഎ നടപ്പാക്കിയത്‌.

ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലാണ്‌ രാജ്യം. വ്യവസായശാലകൾ ഒന്നൊന്നായി പൂട്ടുന്നു. കർഷക ആത്മഹത്യയും തൊഴിൽനഷ്‌ടവും വർധിക്കുന്നു. ഈ സാഹചര്യത്തിൽ അതിസമ്പന്നർക്ക്‌ 25 ലക്ഷംകോടി നികുതി ഇളവാണ്‌ ബിജെപി സർക്കാർ നൽകിയത്‌.

പശ്ചാത്തല മേഖലയുടെ വികസനത്തിന്‌ പണം ചെലവഴിച്ചാലാണ്‌ സാധാരണക്കാരുടെ വാങ്ങൽ ശേഷി കൂട്ടാനാവുക. ഇതുവഴി വിപണി ഉണരും. എന്നാൽ മറിച്ചുള്ള നയമാണ്‌ കേന്ദ്രം നടപ്പാക്കുന്നത്‌.

രാജ്യത്തെ ഈ വസ്‌തുനിഷ്‌ഠ അവസ്ഥകളെല്ലാം മൂർത്തമായി വിലയിരുത്തി നിലപാടുകൾ സ്വീകരിക്കയാണ്‌ സിപിഐ എമ്മും ഇടതുപക്ഷവുമെന്നും യെച്ചൂരി പറഞ്ഞു. ടാഗോർഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News