അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ കണ്ണൂരിൽ തുടക്കം. പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനമേളയ്ക്ക് കണ്ണൂർ ആതിഥ്യം അരുളുന്നത്.

കണ്ണൂർ സർവ്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മേളയിൽ തൊണ്ണൂറ്റിയെട്ട് ഇനങ്ങളിലായി രണ്ടായിരത്തിലേറെ താരങ്ങൾ മാറ്റുരയ്ക്കും.

ശനിയാഴ്ച പകൽ മൂന്ന് മണിക്ക് ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപശിഖ തെളിക്കുന്നതോടെ അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമാകും.

ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടാൻ കളരിപ്പയറ്റ്,പൂരക്കളി തുടങ്ങി ഉത്തര മലബാറിന്റെ തനത് കലാ കായിക ആയോധ മുറകളുടെ പ്രകടനും യോഗ, എയ്റോ ബീറ്റ്സ് എന്നിവയുമുണ്ടാകും.

കേരളത്തിന്റെ അഭിമാന താരങ്ങളായ പി ടി ഉഷ, എംഡി വത്സമ്മ, മേഴ്സിക്കുട്ടൻ, ബോബി അലോഷ്യസ്, ജിസ്ന മാത്യു, വി കെ വിസ്മയ തുടങ്ങിയവരെ ആദരിക്കും.

താൽക്കാലിക ഗാലറിയുടെ നിർമ്മാണം ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.ത്രോ മത്സരങ്ങൾക്കായി സുരക്ഷാ സജ്ജീകരണങ്ങളും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

കായിക മേളയുടെ വരവറിയിച്ച് കണ്ണൂർ നഗരത്തിൽ വർണ ശബളമായ വിളംബര ഘോഷ യാത്ര നടന്നു. പൂർണ്ണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ടായിരിക്കും കായിക മേളയുടെ നടത്തിപ്പ്.