ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നലെത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

നാളെ നടതുറക്കുന്ന പശ്ചാത്തലത്തില്‍ ശബരിമല വിധിയില്‍ കൂടുതല്‍ വ്യക്തതതേടിയുള്ള നിയമോപദേശം മുഖ്യമന്ത്രി എജിയില്‍ നിന്ന് തേടും.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് കൂടിക്കാഴ്ച. 2018 ലെ വിധിക്ക് സുപ്രീംകോടതി സ്‌റ്റേ നല്‍കാത്തതിനാല്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം.

എന്നാല്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ ബിജെപി ഉള്‍പ്പെടെ സംഘപരിവാര്‍ ശക്തികള്‍ ഇത് മുതലെടുത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ വിഷയത്തെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം നാളെ മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്.

കുടിവെള്ളവും വിരിവെക്കാനുള്ള സൗകര്യവും ഉള്‍പ്പെടെ പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ശബരിമല മണ്ഡലകാലത്തിന് ഒരുങ്ങിക്കഴിഞ്ഞു.