കാസര്‍ഗോഡ്: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയതും ആലപ്പുഴ പട്ടിയെ കെട്ടിത്തൂക്കിയതും മലയാളിയുടെ കൊടുംക്രൂരതയുടെ ഉദാഹരണമായിരുന്നു.

ഇപ്പോഴിതാ, ഒരുകൂട്ടം കീരികളെയും കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നു.

കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡാജെയിലാണ് സംഭവം. രണ്ടു കീരികളെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ടോടെയാണ് കുമ്പഡാജെ മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഒരു സ്വകാര്യവ്യക്തിയുടെ പറമ്പിലെ അക്കേഷ്യമരത്തില്‍ കീരികളെ കൊന്ന് കെട്ടിത്തൂക്കിയനിലയില്‍ കണ്ടത്.

ഒരു കീരിയുടെ ജഡത്തിന് നാലുദിവസത്തെ പഴക്കവും മറ്റു കീരിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കവുമുണ്ട്. സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ആലപ്പുഴ കിടങ്ങറയിലാണ് പട്ടിയെ കൊന്ന് കെട്ടിത്തൂക്കിയത്.

കയറില്‍ തൂക്കുമ്പോള്‍ നായ കിടന്ന് പിടയുന്ന 11 സെക്കന്റുള്ള വീഡിയോയും, ചത്തശേഷം നായയെ ഒഴുക്കി വിടുന്നതിന്റെ മൂന്ന് സെക്കന്റുള്ള വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ രാമങ്കരി പൊലീസ് കേസെടുത്തിട്ടുണ്ട്.